ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐ  യുടെ സമീപമുള്ള തരിശ് ഭൂമിയിൽ വൻ തീപിടുത്തം

ഏറ്റുമാനൂർ : ഗവൺമെന്റ് ഐടിഐ  യുടെ സമീപമുള്ള തരിശ് ഭൂമിയിൽ വൻ തീപിടുത്തം. കോട്ടയം, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള നിരവധി യൂണിറ്റുകൾ എത്തിയാണ്  തീ നിയന്ത്രണ വിധേയമാക്കിയത്.

രാവിലെ 11 മണിയോടെയാണ് ഏട്ട് ഏക്കറോളം തരിശ് ഭൂമിയിലെ ഇല്ലിക്കൂട്ടത്തിന് തീ പിടിച്ചത്. തുടർന്ന് തീ പടർന്നു. ഗവ. ഐടിഐ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് പാട്ടത്തിന് നൽകിയ സ്ഥലത്താണ് തീ പിടിച്ചത്.

ആദ്യം നാട്ടുകാരും ഐടിഐ അധികൃതരും തീ അണക്കാൻ ശ്രമിച്ചെങ്കിലും ആളിക്കത്തിയതിനാൽ നടന്നില്ല. പിന്നാലെയാണ് ഫയർഫോഴ്സ് എത്തിയത്.

ഫയർഫോഴ്സ് വാഹനത്തിന് നേരിട്ട് തീപിടിച്ച ഭൂമിയിലേക്ക് എത്താൻ കഴിയാത്തതും തീ അണക്കാനുള്ള ശ്രമങ്ങൾ വൈകുന്നതിന് കാരണമായി.

തീ വലിയ ഉയരത്തിലാണ് ആളിക്കത്തി പടർന്നത്. പ്രദേശത്തെ മരങ്ങൾ ഉൾപ്പെടെ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

സമീപത്ത് ഐടിഐ പ്രവർത്തിക്കുന്നതിനാൽ ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും ഫയർഫോഴ്സും, പോലീസും ചേർന്ന് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!