ന്യൂഡൽഹി : റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ ഇന്ത്യയിൽ മടങ്ങിയെത്തി. ഡൽഹിയിൽ എത്തിയ ഡേവിഡിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ചയോടെ ഇദ്ദേഹത്തെ നാട്ടിലെത്തുമെന്ന് അധികൃതർ വീട്ടുകാരെ അറിയിച്ചു. റഷ്യയിലെത്തിയ ഡേവിഡിനെ യുദ്ധമേഖലയിലേക്കാണ് അയച്ചത്.
യുദ്ധത്തിൽ പരിക്കേറ്റ് മോസ്‌കോയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് താത്കാലിക യാത്രാരേഖകളുടെ സഹായത്തോടെ ഇന്ത്യൻ എംബസി അധികൃതർ ശനിയാഴ്ച പുലർച്ചെ ഡേവിഡിനെ ഡൽഹിയിൽ എത്തിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
ഇന്ത്യക്കാരെ റഷ്യയിലെത്തിച്ച് സേനയിൽ ചേർത്ത് യുദ്ധ മേഖലയിലേക്കയച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘമാണ് ഡേവിഡിൽ നിന്നു വിവരങ്ങൾ ശേഖരിച്ചത്. നവംബറിൽ സാമൂഹികമാധ്യത്തിൽ പരസ്യം കണ്ടാണ് ഡേവിഡ് ഡൽഹിയിലെ ഏജന്റിനെ ബന്ധപ്പെടുന്നതും അതുവഴി റഷ്യലെത്തുന്നതും.
സെക്യൂരിറ്റി ജോലിക്കെന്ന പേരിൽ റഷ്യയിലെത്തിച്ച ശേഷം ഇദ്ദേഹത്തെ റഷ്യൻ സൈനികകേന്ദ്രത്തിലെത്തിച്ച് പരിശീലനം നൽകി യുക്രൈൻ അതിർത്തിയിൽ യുദ്ധത്തിനു നിയോഗിക്കുകയായിരുന്നു. യുദ്ധത്തിനിടയിൽ ഡിസംബർ 25-ന് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ റഷ്യൻ സൈനികന്റെ സഹായത്തോടെ പുറത്തുകടക്കുകയും വഴിയിൽ കണ്ട ഒരു വൈദികൻ ഡേവിഡിനെ സഹായിക്കുകയുമായിരുന്നു.