സര്‍വകലാശാല പിഎച്ച്ഡി പ്രവേശനം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍; പരിഷ്‌കാരവുമായി യുജിസി

ന്യൂഡല്‍ഹി: സര്‍വകലാശാല പിഎച്ച്ഡി പ്രവേശന മാനദണ്ഡം പരിഷ്‌കരിച്ച് യുജിസി. പിഎച്ച്ഡി പ്രവേശനത്തിന് സര്‍വകലാശാലകള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പകരം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്താന്‍ യുജിസി തീരുമാനിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് പിഎച്ച്ഡി പ്രവേശനത്തിന് ഏകീകൃത രൂപം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. നിലവില്‍ വിവിധ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിഎച്ച്ഡി പ്രവേശനത്തിന് അതത് സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷ എഴുതണം. വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് പിഎച്ച്ഡി പ്രവേശനത്തിന് ഏകീകൃത രൂപം നല്‍കുന്നത്. വിവിധ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് പകരം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനുള്ള അവസരമാണ് ലഭിക്കുക.

അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലകള്‍ നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കണമെന്ന് യുജിസി നിര്‍ദേശിച്ചു. 2024 ജൂണ്‍ ഘട്ട നെറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷാ നടപടികള്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആരംഭിച്ചതായി യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു. നിലവില്‍ നെറ്റ് സ്‌കോര്‍ ജെആര്‍എഫിനും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമത്തിനുമാണ് ഉപയോഗിക്കുന്നത്. നെറ്റ് സ്‌കോറാണ് യോഗ്യതയ്ക്ക് അടിസ്ഥാനമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!