തിരുവനന്തപുരം: പുക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കേസ് സിബിഐക്ക് വിട്ടതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ച. ഈ മാസം 9നാണ് സിദ്ധാർത്ഥിന്റെ പിതാവ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. അവധി ദിവസമായിരുന്നിട്ടു പോലും അന്ന് തന്നെ കേസ് സിബിഐക്ക് വിട്ടുകൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നു.
എന്നാൽ, അന്ന് ഇറക്കിയ വിജ്ഞാപനം സിബിഐക്ക് കൈമാറിയത് 16-ാം തിയതിയാണ്. നിയമമനുസരിച്ച് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കിയാൽ ഈ വിജ്ഞാപനം കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറുകയും ഇതേ കുറിച്ച് അന്വേഷിക്കാൻ സിബിഐ ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്യും. സിബിഐ അന്വേഷണം വേണ്ട കേസാണെന്ന് സിബിഐ ഡയറക്ടർക്ക് ബോധ്യപ്പെട്ടാൽ കേസ് അതത് യൂണിറ്റിന് ഏൽപ്പിച്ചു കൊണ്ട് ഉത്തരവിടും.
എന്നാൽ, ഈ നിയമം തെറ്റിച്ചുകൊണ്ട് വിജ്ഞാപനം നേരിട്ട് കൊച്ചി യൂണിറ്റിനാണ് സർക്കാർ കൈമാറിയത്. സിബിഐക്ക് ഒരു കേസ് ഏറ്റെടുക്കാൻ വിജ്ഞാപനം മാത്രം മതിയാകില്ല. എന്താണ് കേസ് എന്നത് എളുപ്പത്തിൽ മനസിലാക്കുന്നതിനായി സിബിഐ ഡയറക്ടർക്ക് പെർഫോമ റിപ്പോർട്ട് കൂടി കൈമാറണം. കേസിന്റെ നാൾവഴികളാണ് പെർഫോമ റിപ്പോർട്ടിൽ ഉണ്ടാകുന്നത്. എന്തുകൊണ്ട് ഈ കേസ് കൈമാറുന്നു. എന്താണ് ഈ കേസ്, എഫ്‌ഐആറിന്റെ പരിഭാഷ എന്നിവയെല്ലാം ഈ പെർഫോമ റിപ്പോർട്ടിനൊപ്പം ഉണ്ടാകും. എന്നാൽ, പെർഫോമ റിപ്പോർട്ട് ഇതുവരെയും സർക്കാർ സിബിഐക്ക് കൈമാറിയിട്ടില്ല. ഇന്നലെ മാത്രമാണ് പെർഫോമ തയ്യാറാക്കാൻ തന്നെ തുടങ്ങിയത് എന്നത് സർക്കാരിന്റെ ഗുരുതര വീഴ്ച്ചയാണ്.
