ന്യൂഡല്‍ഹി: സംസ്ഥാനത്ത് വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കമാര്‍. ഏപ്രില്‍ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ജൂണ്‍ 4നു നടക്കും. ആകെ ഏഴു ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്.
വോട്ടെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനായി കേരളം 39 ദിവസം കാത്തിരിക്കണം. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. കേരളം ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ നാലാണ്. ഏപ്രില്‍ അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതി നുള്ള അവസാന തീയതി ഏപ്രില്‍ എട്ട് ആയിരിക്കും.
2019 ല്‍ മാര്‍ച്ച് പത്തിനാണു തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം.