ഹൈക്കമാൻഡ് തീരുമാനിച്ചു; ടി.എൻ പ്രതാപൻ കെപിസിസി വർക്കിങ് പ്രസിഡൻ്റ്

 കോൺ​ഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി.എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. തൃശൂർ സ്ഥാനാർഥിത്വം കെ. മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം വരുന്നത്. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ പദവിയായി കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകിയത്.

അതേസമയം കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ ആഞ്ഞടിച്ചും ടി.എൻ പ്രതാപനെ പുകഴ്ത്തിയും മന്ത്രി മുഹമ്മദ്‌ റിയാസ് രം​ഗത്തെത്തി. കേരളത്തിനു വേണ്ടി ശബ്‌ദിച്ച ഏക കോൺഗ്രസ്‌ എംപി ടി.എൻ പ്രതാപനാണെന്നും അദ്ദേഹത്തിന് മാത്രം കോൺഗ്രസ്‌ സീറ്റ് നിഷേധിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‌ വേണ്ടി ശബ്ദച്ചത് കൊണ്ടാണോ കോൺഗ്രസ്‌ സീറ്റ് നിഷേധിച്ചത്?. കോൺഗ്രസ്‌ എംപി മാർ പാർലമെന്റിൽ. കേരളത്തിന്‌ വേണ്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റമാണ് കോണ്‍ഗ്രസ് വരുത്തിയത്. തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെയും വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെയുമാണ് മത്സരിപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കുകയാണ്.

BJPക്ക് ഇന്ത്യയില്‍ തന്നെ കൊടുക്കുന്ന മറുപടി തൃശൂരില്‍ നിന്നായിരിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. വർഗീയതയെ മണ്ണിൽ നിന്നും തുടച്ച് നീക്കും. പിതാവ് അന്തിയുറങ്ങുന്ന മണ്ണിൽ നിന്ന് തന്നെ വർഗീയത തുടച്ച് നീക്കുമെന്നും മുരളീധരൻ പറഞ്ഞു. അതേസമയം പ്രചാരണത്തോട് അനുബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ടി എൻ പ്രതാപൻ രംഗത്തെത്തി.

‘ഞാൻ പണ്ടേ പറഞ്ഞതാണ് തൃശൂരിന്റെ ഈ മണ്ണ് ഒരു വർഗ്ഗീയവാദിക്കും കൊടുക്കില്ല എന്ന്. എല്ലാ വർഗ്ഗീയവാദികളും ഒറ്റുകാരും ഇവിടെ കടപുഴകും. ചതിക്കും വഞ്ചനക്കും ഈ നാട് തക്കതായ മറുപടി നൽകും. സംഘപരിവാരം കണ്ട സ്വപ്‌നങ്ങൾ മൂന്നാം സ്ഥാനത്ത് മൂക്കുകുത്തി വീഴും.നമ്മുടെ സ്വന്തം മുരളിയേട്ടൻ ഇറങ്ങി. ഇനി പൂരം. മ്മ്‌ടെ പൊടിപൂരം!’ – ടി എൻ പ്രതാപൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!