സിദ്ധാര്‍ഥന്റെ മരണം സിബിഐയ്ക്ക്, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍; നടപടി കുടുംബം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍ തീരുമാനത്തെ സിദ്ധാര്‍ഥന്റെ കുടുംബം സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ചതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ അച്ഛന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്.

കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി സിദ്ധാര്‍ഥന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സിദ്ധാര്‍ഥന്റെ അച്ഛന്‍. ഇതിന് തൊട്ടുപിന്നാലെയാണ് കേസ് സിബിഐയ്ക്ക് വിട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സിദ്ധാര്‍ഥ് മരിച്ചതല്ല, കൊന്നതാണ് എന്ന് ഉറപ്പാണെന്നും അതുകൊണ്ട് സിബിഐ അന്വേഷിക്കണം എന്ന് താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് സിദ്ധാര്‍ഥന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഉടന്‍ തന്നെ കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേസ് പഠിക്കട്ടെ എന്നോ നോക്കട്ടെ എന്നൊന്നുമല്ല മുഖ്യമന്ത്രി പറഞ്ഞത്. സിബിഐയ്ക്ക് വിടാം എന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്.

അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ പറഞ്ഞു.

‘ഇതൊരു മരണമല്ല സാറെ, അന്വേഷിക്കണം. സിബിഐ തന്നെ അന്വേഷിക്കണം. എന്തുകൊണ്ടാണ് സംശയം എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരുപാട് സംശയങ്ങള്‍ ഉണ്ട്. ഒരുപാട് തെളിവുകളും ഉണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ച് നോക്കിയാല്‍ അറിയാം എന്തുമാത്രം ക്രൂരതയാണ് എന്റെ മകനോട് അവര്‍ കാണിച്ചിരിക്കുന്നത് എന്ന്.

അറിയാവുന്ന കുറെ ഡോക്ടര്‍മാരെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചു. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാന്‍ കഴിയുക എന്നാണ് ഡോക്ടര്‍മാര്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞത് കേട്ട മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് വിടാം എന്ന് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ വിശ്വാസമുണ്ട്. പഠിക്കട്ടെ എന്നോ നോക്കട്ടെ എന്നൊന്നുമല്ല മുഖ്യമന്ത്രി പറഞ്ഞത്. സിദ്ധാര്‍ഥ് നേരിട്ട കാര്യങ്ങളെല്ലാം വിശദീകരിച്ചു. സിദ്ധാര്‍ഥ് മരിച്ചതല്ല, കൊന്നതാണ് എന്ന് എനിക്ക് ഉറപ്പാണ്.’- സിദ്ധാര്‍ഥന്റെ അച്ഛന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!