തൃശ്ശൂർ : ഒറ്റരാത്രികൊണ്ട് സ്ഥാനാർത്ഥി മാറിയതോടെ തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ ആകെ വെട്ടിലായിരിക്കുകയാണ്. സിറ്റിംഗ് എംപി ആയിരുന്ന ടി എൻ പ്രതാപൻ തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്ന് പ്രതാപനടക്കം എല്ലാവരും ഉറപ്പിച്ചതായിരുന്നു. അതുകൊണ്ടുതന്നെ ടി എൻ പ്രതാപനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മൂന്നര ലക്ഷം പോസ്റ്ററുകളാണ് അച്ചടിച്ചിരുന്നത്. ഇനിയിപ്പോൾ ഇതെല്ലാം എന്ത് ചെയ്യും എന്ന ആലോചനയിലാണ് തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ.
പോസ്റ്ററുകൾ മാത്രമല്ല 150 ഓളം സ്ഥലങ്ങളിലാണ് ചുവരെഴുത്ത് നടത്തിയത്. എല്ലാം മായ്ച്ചു കളയാനായി തൃശ്ശൂർ ഡിസിസി ഓഫീസിൽ നിന്ന് നിർദ്ദേശവും ലഭിച്ചിട്ടുണ്ട്. ഇനി ഓരോ മതിലുകളിലെയും ചുവരെഴുത്ത് മായ്ച്ച് പ്രതാപന് പകരം മുരളീധരന്റെ പേരാക്കി മാറ്റണം. അങ്ങനെ വൻ പ്രതിസന്ധിയിലാണ് തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ വന്ന് പെട്ടിരിക്കുന്നത്.
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതാണ് സ്ഥാനാർത്ഥിയെ മാറ്റാൻ കാരണമെന്നെല്ലാം ചില വശങ്ങളിൽ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അതിനു മുൻപേ തന്നെ തൃശ്ശൂരിലെ സ്ഥാനാർത്ഥിയെ മാറ്റിയേക്കും എന്നായിരുന്നു സൂചന എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് തൃശ്ശൂരിൽ കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് നിർദ്ദേശിച്ചതെന്നാണ് സൂചന. ടി എൻ പ്രതാപനെതിരായി തൃശ്ശൂർ മണ്ഡലത്തിൽ ഉള്ള വിരുദ്ധ വികാരം മുരളീധരൻ വന്നാൽ മാറും എന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.