പറ്റ്ന : രാവിലെ രാജിവച്ചു. വൈകിട്ട് വീണ്ടും മുഖ്യമന്ത്രി. ബിഹാർ മുഖ്യമന്ത്രിയായി ജനതാദൾ (യു) അധ്യക്ഷൻ നിതീഷ്കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യ സംഘം വിട്ട് ഇന്ന് രാവിലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ വൈകിട്ട് എൻഡിഎ സഖ്യത്തിൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒൻപതാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇതിൽ ആറു തവണ ബിജെപി സഖ്യത്തിലും മൂന്നു തവണ ആർജെഡി സഖ്യത്തിലും. 2005 ന് ശേഷം ഒരു ചെറിയ കാലയളവ് ഒഴികെ നിതീഷ് കുമാർ തുടർച്ചയായി ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിന്‍ഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായിരിക്കും. ഇവരെ കൂടാതെ മറ്റ് ആറു പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ബിജെപി എംഎൽഎ പ്രേംകുമാർ, ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്എഎം അധ്യക്ഷൻ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർ.
എച്ച്എഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകനാണ് സന്തോഷ് കുമാർ സുമൻ.