എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്ന് ഗവർണർ; പ്രതിഷേധം അവസാനിപ്പിച്ചത് എഫ്ഐആറിന്റെ പകർപ്പ് ലഭിച്ച ശേഷം

കൊല്ലം; എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ കൊല്ലം നിലമേലിൽ കരിങ്കൊടി കാണിക്കുകയും അക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത എസ്എഫ്ഐക്കെതിരെ റോഡരികിൽ ഇരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഗവർണറുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിക്കെതിരെയും അതിരൂക്ഷ വിമർശനമാണ് ഗവർണർ ഉയർത്തിയത്. എസ്എഫ്‌ഐ പ്രവർത്തകർ തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചെന്നും ഗവർണർ പറഞ്ഞു.

സംഭവ സ്ഥലത്ത് നിരവധി പോലീസുകാർ ഉണ്ടായിരുന്നു. എന്തുകൊണ്ട് കരിങ്കൊടി കാണിക്കാൻ വരുന്നവരെ പോലീസിന് തടയാൻ സാധിച്ചില്ല എന്നും ഗവർണർ ചോദിച്ചു. പോലീസ് സ്വയം നിയമം ലംഘിക്കുകയാണ് ചെയ്യുന്നത് .

തന്റെ സ്ഥാനത്ത് മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന ചോദ്യം പിന്നെയും ഗവർണർ ഉന്നയിച്ചു. സംഭവത്തിൽ 17 എസ്എഫ്ഐക്കാർക്കെതിരെയുള്ള എഫ്‌ഐആർ പകർപ്പ് കണ്ടതിനുശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും ഗവർണർ പരാതിപ്പെട്ടു. ഡിജിപി വിളിച്ചിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ ഗവർണർ തയ്യാറായില്ല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കൊല്ലത്ത് നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്നാണ് ഗവർണർ റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധം തുടങ്ങിയത്. ഒന്നേമുക്കാൽ മണിക്കൂറിലധികമാണ് ഗവർണർ പ്രതിഷേധവുമായി തെരുവിൽ ഇരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!