കൊല്ലം: എസ്എഫ്ഐക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫ് നഷ്ടപരിഹാരമായി നല്‍കിയത്. രണ്ട് മണിക്കൂറോളമാണ് ് ഗവര്‍ണര്‍ പ്രതിഷേധവുമായി തെരുവില്‍ ഇരുന്നത്.
ഒരു കടയുടെ മുന്‍പിലാണ് ഗവര്‍ണര്‍ പ്രതിഷേധിച്ച് കുത്തിരിപ്പ് നടത്തിയത്. കടക്കാരനോട് ഒരു കസേര ചോദിക്കുകയായിരുന്നു. ഒന്നേമുക്കാല്‍ മണിക്കൂറിലധികം കച്ചവടക്കാരന്റെ കച്ചവടം മുടങ്ങിയതിനാലാണ് ഗവര്‍ണര്‍ 1000 രൂപ കടക്കാരനെ ഏല്‍പ്പിച്ചത്. എന്നാല്‍ തനിക്ക് പണം ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് പണം നല്‍ക്കുകയായിരുന്നു എന്ന് കടയുമ ഫിറോസ് പറഞ്ഞു. അതേ സമയം ഇത്രയും സമയം അദ്ദേഹം ഇവിടെയിരിക്കുമെന്ന് കരുതിയില്ല എന്നും സംഭവത്തില്‍ പരാതിയില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നുമായിരുന്നു കടയുടമ ഫിറോസിന്റെ പ്രതികരണം.
നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറില്‍നിന്നു പുറത്തിറങ്ങി റോഡരികില്‍ ഇരുന്നുകൊണ്ട് ഗവര്‍ണര്‍ പ്രതിഷേധിച്ചത്. വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു. എഫ്ഐആര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിനേഴ് പേര്‍ക്കെതിരെയുള്ള എഫ്ഐആര്‍ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.