ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനിമുതൽ ലോക്ഭവൻ, പ്രഖ്യാപനം നാളെ

തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവന്റെ പേര് മാറുന്നു. രാജ്ഭവൻ നാളെമുതൽ ലോക്ഭവനായി അറിയപ്പെടും. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വദേശമായ ഗോവയിലേക്കു പോയിരിക്കുകയാണ്. ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും.

കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ഇതെത്തുടർന്നാണ് രാജ്യം മുഴുവനുമുള്ള രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റുന്നത്. നവംബർ 25ന് ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.

ആനന്ദ് ബോസ് ഗവർണറായിരിക്കുന്ന പശ്ചിമബംഗാളിലെ കൊൽക്കത്ത യിലെയും ഡാർജിലിംഗിലെയും രാജ്ഭവനുകൾ ശനിയാഴ്ച തന്നെ പേരുമാറ്റിയിരുന്നു. ഭരണാധികാരിയുടെ വസതിയെന്നാണ് രാജ്‌ഭവനുകളുടെ അർത്ഥം. ലോക്‌ഭവനെന്നാൽ ജനങ്ങളുടെ വസതിയെന്നും. രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കി സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ സാന്നിദ്ധ്യം ശക്തമാക്കാനാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം.

ബിജെപി അനുഭാവികളായ ഗവർണർമാർ ഇതിനകംതന്നെ രാജ്ഭവൻ കേന്ദ്രീകരിച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തരത്തിലുള്ള ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്നു വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേര് മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!