റോഡ് നിര്‍മാണം വൈകുന്നു; മൈക്ക് ഓണാക്കി വീഡിയോയുമായി കരാറുകാരനെ ശകാരിച്ച് കടകംപള്ളി സുരേന്ദ്രന്‍; തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വിമർശനം

തിരുവനന്തപുരം : റോഡ് നിര്‍മാണം വൈകുന്നതിന് മൈക്ക് ഓണാക്കി വെച്ച് കരാറുകാരനെ പരസ്യമായി ശകാരിച്ച് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ ബോധപൂർവ്വമല്ലെന്ന് പ്രതികരണം.

ശ്രീകാര്യം-കല്ലമ്പള്ളി റോഡ് നിര്‍മാണം വൈകുന്നതിലാണ് ശകാരം. ഏഴ് മാസമായി റോഡിന്റെ നിര്‍മാണം നടക്കുകയാണെന്നും റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എംഎല്‍എയുടെ ഇടപെടല്‍. എന്നാൽ, മൈക്ക് വെച്ച് കരാറുകാരനെ ശകാരിച്ചതും എംഎല്‍എയുടെ വീഡിയോ ചിത്രീകരണവും തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന വിമര്‍ശനവുമായി സാമൂഹികമാധ്യമ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് റോഡിലെ കുഴി മൂടാത്തതെന്ന് കടകംപള്ളി കരാറുകാരനോട് ചോദിക്കുന്നുണ്ട്. ചെളിമാറ്റാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. ജെസിബിവെച്ച് വീണ്ടും കുത്തിയിളക്കേണ്ടെന്നും കൊത്തിയെടുത്താല്‍ മതിയെന്നും കടകംപള്ളി പറഞ്ഞു. നിങ്ങള്‍ പണി നിര്‍ത്തിവെച്ച് പോകേണ്ടിവരുമെന്നും നിങ്ങള്‍ക്ക് ഒരു കോപ്പും ഉണ്ടാക്കാന്‍ പറ്റില്ലെന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, റോഡുപണിയുമായി ബന്ധപ്പെട്ട് കരാറുകാരനെ ശകാരിച്ചത് ബോധപൂര്‍വമല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഒരു കാറെങ്കിലും പോകുന്നവിധത്തില്‍ റോഡ് യാത്രായോഗ്യമാക്കണമെന്ന് കരാറുകാരനോട് പറഞ്ഞിരുന്നു. റോഡിന്റെ അവസ്ഥയെക്കുറിച്ച് വീഡിയോ തയ്യാറാക്കാനാണ് എത്തിയത്. കരാറുകാരനോട് ദേഷ്യപ്പെട്ടപ്പോള്‍ മൈക്കിരിക്കുന്ന് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!