തിരുവനന്തപുരം : സർക്കാരുമായുള്ള ഗവർണറുടെ ഏറ്റുമുട്ടൽ പുതിയ തലത്തിൽ. നിയമസഭയിൽ നയപ്രഖ്യാപനത്തിൻറെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇറങ്ങിപ്പോവുകയായിരുന്നു. ഒരു മിനിറ്റും 18 സെക്കന്റും മാത്രമായിരുന്നു ഗവർണറുടെ നയപ്രസംഗം.
നിയമസഭയെ അഭിസംബോധന ചെയ്ത ശേഷം താൻ അവസാന ഖണ്ഡിക മാത്രമേ വായിക്കൂ എന്ന് ഗവർണർ അറിയിക്കുകയായിരുന്നു. അവസാന ഖണ്ഡിക വായിച്ചതിന് പിന്നാലെ ദേശീയ ഗാനത്തിന് ആവശ്യപ്പെടുകയും ഇതിനുശേഷം ഗവർണർ സഭ വിട്ടുപോവുകയുമായിരുന്നു. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള പരാമർശം നയപ്രഖ്യാപനത്തിലുണ്ടായിരുന്നു.
നയപ്രഖ്യാപനത്തിനായി നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, പാർലമെൻ്ററികാര്യമന്ത്രി കെ.രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയിൽനിന്ന് പൂച്ചെണ്ട് സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ ഹസ്തദാനം ഉൾപ്പെടെയുള്ള ഉപചാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ ഗവർണറുടെ നയപ്രഖ്യാപനമായിരുന്നു ഇന്നത്തേത്.
ഗവർണറുടെ നടപടിക്കെതിരേ പ്രതിപക്ഷനേതാവ് വിഡി സതീശനും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ഗവർണറുടെ നടപടിയെ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർ വരുന്നതും കണ്ടു. വാണംവിട്ട പോലെ പോവുന്നതും കണ്ടുവെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന് പ്രഖ്യാപനങ്ങൾ നടത്താൻ മാത്രമേ ആകുന്നുള്ളുവെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് സഭവിട്ട് ഗവർണർ, നടപടിയിൽ അമ്പരന്ന് സർക്കാരും പ്രതിപക്ഷവും
