ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്ച. ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെട്ട് പ്ലാറ്റ്ഫോമിലെ ഏകദേശം 350 കോടി ഉപയോക്താക്കളാണ് സുരക്ഷാഭീഷണി നേരിടുന്നതെന്ന് വിയന്ന സര്‍വകലാശാലയിലെ ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 57 ശതമാനം കേസുകളിലും ഉപയോക്താക്കളുടെ പ്രൊഫൈല്‍ ഫോട്ടോകളും 29 ശതമാനം ഉപയോക്താക്കളുടെ പ്രൊഫൈലുകളിലെ ടെക്സ്റ്റും ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞതായും ഗവേഷകര്‍ അവകാശപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017ല്‍ വാട്‌സ്ആപ്പിനും വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും ഈ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ പിഴവിലൂടെ തട്ടിപ്പുകാരുടെ കൈയിലേക്കാണ് വിവരങ്ങള്‍ എത്തിയിരുന്നതെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ച സംഭവിക്കുമായിരുന്നു. ഏകദേശം 50 കോടി വിവരങ്ങള്‍ ചോര്‍ത്തിയ 2021ലെ ഫെയ്‌സ്ബുക്ക് സ്ര്ക്രാപിങ് തട്ടിപ്പിനെ ഇത് മറികടക്കുമായിരുന്നുവെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
കോണ്‍ടാക്ട് ഡിസ്‌ക്കവറി എന്ന ഫീച്ചര്‍ വാട്‌സ്ആപ്പിനുണ്ട്. അഡ്രസ് ബുക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ കോണ്‍ടാക്റ്റുകളില്‍ ആരാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് ആപ്പിന് അറിയാം. വലിയ തോതില്‍ ഫോണ്‍ നമ്പറുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഈ പഴുത് വഴി സാധിക്കും.
ഒരു നമ്പര്‍ വാട്‌സ്്ആപ്പിലുണ്ടെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, പ്രൊഫൈല്‍ ചിത്രം, പ്രൊഫൈല്‍ ടെക്സ്റ്റ്, പോലുള്ള പൊതുവായി ലഭ്യമായ മറ്റ് വിവരങ്ങളും ഈ പഴുത് ഉപയോഗിച്ച് ചോര്‍ത്താന്‍ കഴിയുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷാപ്രശ്‌നം അംഗീകരിച്ച മെറ്റ, കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
