ഗോഹട്ടി ::കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് ഡിജിപിക്ക് നിർദേശം നൽകിയത്.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ചതിനാണ് രാഹുൽഗാന്ധിക്കെതിരെ നടപടി. ബാരിക്കേഡ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി എടുക്കുമെന്ന് ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. രാഹുലിനെതിരേയും കോൺഗ്രസ് പ്രവർത്തകർക്കെതിരേയും രൂക്ഷ വിമർശനമാണ് അസം മുഖ്യമന്ത്രി നടത്തിയത്.
നിർദേശങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ഗുവാഹത്തിയില്‍ ഗതാഗത തടസ്സമുണ്ടാക്കിയെന്നും, രാഹുല്‍ പ്രവർത്തകരെ പ്രകോപിപിച്ചുവെന്നും കണക്കിലെടുത്താണ് കേസ്. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെതുടര്‍ന്നാണ് സംഘർഷമുണ്ടായത്. രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കുകയായിരുന്നു.