കക്കോടിയില്‍ മതിലിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട് : കക്കോടിയില്‍ മതിലിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉദയ് മാഞ്ചിയെന്ന ഒഡീഷ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ 11.15 ഓടെ നിര്‍മ്മാണത്തിലിരുന്ന വീടിൻ്റെ മതില്‍ ഇടിഞ്ഞുവീണാണ് അപകടം. ഒപ്പമുണ്ടായിരുന്ന കക്കോടി സ്വദേശി ഫൈസലിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉദയ് മാഞ്ചിയുടെ തലയിലേക്കാണ് മതിലിടിഞ്ഞുവീണത്. പരിക്ക് ഗുരുതരമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താഴെ മതില്‍ കെട്ടുന്നതിനിടെ മുകളിലുണ്ടായിരുന്ന മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്നവര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വെള്ളിമാടുകുന്ന്, കോഴിക്കോട് ടൗൺ എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയതാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്നലെയും ഇന്നുമായി സ്ഥലത്ത് നല്ല മഴയുണ്ടായിരുന്നു. ഇതില്‍ മതിലിന്റെ ഭാഗം കുതിര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!