ചെന്നൈ: നടി ഷക്കീലയെ വളര്‍ത്തുമകള്‍ ശീതള്‍ മര്‍ദ്ദിച്ചതായി പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദ്ദനം ഏറ്റിട്ടുണ്ട് . അഭിഭാഷക സൗന്ദര്യയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ശീതളും അമ്മയും സഹോദരിയും ചേര്‍ന്ന് സിഗരറ്റ് ട്രേ കൊണ്ട് ഷക്കീലയുടെ തലയ്ക്ക് അടിക്കുകയും ,തടയാന്‍ ശ്രമിച്ച അഭിഭാഷകയുടെ കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇന്നലെ വൈകീട്ടാണ് സംഭവം
ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും താമസിക്കുന്നത്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നു. ആ തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നീങ്ങിയത് എന്നുമാണ് വിവരം. തര്‍ക്കത്തെ തുടര്‍ന്ന് ശീതള്‍ വീടുവിട്ട് പോവുകയും ചെയ്തു.
ആക്രമണത്തില്‍ പരിക്കേറ്റ അഭിഭാഷകയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുളള പ്രശ്നങ്ങള്‍ സുഹൃത്തായ നര്‍മ്മദയെ ഷക്കീല അറിയിക്കുകയായിരുന്നു. അഭിഭാഷകയായ സൗന്ദര്യയ്‌ക്കൊപ്പം ഷക്കീലയുടെ അടുത്ത് എത്തിയ നര്‍മ്മദ ശീതളിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം
സംഭവത്തില്‍ പരിക്കേറ്റ അഭിഭാഷക പോലീസില്‍ പരാതി കൊടുത്തു. ശീതളിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുകൂട്ടരുടെയും പരാതി ഉളളതിനാല്‍ അന്വേഷണം നടത്തിയ ശേഷമേ നടപടി സ്വീകരിക്കുവെന്ന് പോലീസ് വ്യക്തമാക്കി.
കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക തര്‍ക്കവും ; നടി ഷക്കീലയെ വളര്‍ത്തുമകള്‍ മര്‍ദ്ദിച്ചതായി പരാതി
