വിനോദയാത്രയ്ക്കിടെ ചാലക്കുടി സ്വദേശിയായ യുവ ഡോക്ടർ തായ്‌ലൻഡിൽ മുങ്ങി മരിച്ചു

ചാലക്കുടി : കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടർ തായ്‌ലൻഡിൽ മുങ്ങി മരിച്ചു. തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷനൽ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറായ ഡോ. രാഹുലൻ(37) ആണ് മരിച്ചത്. ചാലക്കുടി പോട്ട തച്ചുടപ്പറമ്പ് മുണ്ടക്കത്തു പറമ്പിൽ സദാനന്ദന്റെ മകനാണ്.

ഭാര്യയായ ഡോ. ബേബി മിനുവിനൊപ്പം ഈ മാസം 12നാണ് ഡോ രാഹുലൻ തായ്‌ലൻഡിലെത്തിയത്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടയിൽ കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്തുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. മുങ്ങി താഴ്ന്ന രാഹുലനെ രക്ഷിച്ച് സമീപത്തെ ആശുപത്രിയിലും പിന്നീട് സ്പെഷ്യാൽറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 8 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് മുമ്പ് രാഹുലൻ സ്കൂബ ഡൈവിങ് നടത്തിയിരുന്നു. അപ്പോഴൊന്നും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഓസ്ട്രേലിയയിൽ എൻജിനീയറായ സഹോദരൻ ശരത്ത് തായ്‌ലൻഡിലെത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ടു മൃതദേഹം നാട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ചാലക്കുടി മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കാരം നടത്തും. റിട്ടയേഡ് ഹെഡ്മിസ്ട്രസ് സരളയാണ് അമ്മ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!