മുംബയ്: ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ നാഴികകല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാസിക്കില്‍ നിന്ന് ഒക്ടോബർ 17 വെള്ളിയാഴ്ച പറന്നുയരും.
ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിനാണ് (എച്ച്‌എഎല്‍) വിമാനത്തിന്റെ നിർമ്മാണ ചുമതല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പരിപാടിയില്‍ അദ്ധ്യക്ഷനാകും. എച്ച്‌എഎല്ലിന്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്‌റ്റിനായുള്ള (എല്‍സിഎ) മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിന്റെ ഉദ്ഘാടനവും അന്ന് നടക്കും.
എന്നാല്‍, തേജസ് എംകെ 1എ യുദ്ധ വിമാനം പറന്നുയരാൻ തയ്യാറെടുക്കുമ്ബോഴും അതിന്റെ വിതരണത്തിലുണ്ടാകുന്ന തടസം ഇന്ത്യൻ വ്യോമസേനയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ വർഷം നടത്താനിരുന്ന പരിപാടിയില്‍ കാലതാമസമുണ്ടായതിന് പ്രധാനകാരണം അമേരിക്കയില്‍ നിന്നുളള ജിഇയുടെ എഫ്404 എഞ്ചിൻ എത്തിക്കുന്നതില്‍ തടസ്സമുണ്ടായതാണ്. ഇതുവരെ ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിന് നാല് എഞ്ചിനുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. ഒക്ടോബർ അവസാനത്തോടെ രണ്ടെണ്ണം കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിൻ വിതരണശൃംഖലയിലുണ്ടാകുന്ന തടസമാണ് പ്രധാന പ്രശ്നമായി കമ്ബനി ചൂണ്ടിക്കാട്ടുന്നത്. ഭാവിയില്‍ മാസംതോറുമുള്ള കൃത്യമായ വിതരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഞ്ചിനുകളുടെ വിതരണത്തില്‍ സ്ഥിരത കൈവരിച്ചാല്‍ യുദ്ധവിമാനങ്ങളുടെ ഉല്‍പാദനം ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതുവരെ ആകെ പത്ത് എംകെ1എ വിമാനങ്ങള്‍ നിർമ്മിച്ച് പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, അന്തിമ പരീക്ഷണപറക്കലുകള്‍ക്കും ആയുധസംയോജനങ്ങള്‍ക്കും ശേഷം മാത്രമേ യുദ്ധവിമാനങ്ങള്‍ പൂർണമായും വ്യോമസേനയ്ക്ക് കൈമാറൂ. ഈ മാസം എംകെ1എ വിമാനങ്ങള്‍ കൈമാറുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ടെങ്കിലും തീയതി സ്ഥിരീകരിച്ചിട്ടില്ല. വിമാനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം വ്യോമസേനയ്ക്ക് വലിയ നിരാശയാണ് നല്‍കുന്നതെന്ന് എയർ ചീഫ് മാർഷല്‍ വിആർ ചൗധരി ഈ മാസം ആദ്യം പറഞ്ഞിരുന്നു.
ആസ്ട്ര, ആസ്രാം മിസൈലുകളുടെ സംയോജനം ഉള്‍പ്പടെയുള്ള പ്രധാന ആയുധ പരീക്ഷണങ്ങള്‍ക്ക് തേജസ് എംകെ1എ പൂർത്തിയായിക്കഴിഞ്ഞു. 2029 ഓടെ 83 വിമാനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാറില്‍ എച്ച്‌എഎല്‍ ഏർപ്പെട്ടു. സെപ്തംബർ 25ന് ഒപ്പുവച്ച പുതിയ കരാറില്‍ 2027 നും 2024 നും ഇടയില്‍ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന 97 വിമാനങ്ങള്‍ കൂടി കൂട്ടിച്ചേർത്തു.ഇതിനോടൊപ്പം തന്നെ തദ്ദേശീയ യുദ്ധവിമാന രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായി 2027 ഓടെ കൂടുതല്‍ നൂതനമായ തേജസ് എംകെ2 വിമാനങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എച്ച്‌എഎല്‍.
ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത്; തേജസ് എംകെ1എ യുദ്ധവിമാനം വെള്ളിയാഴ്‌ച പറന്നുയരും
