കൊച്ചി : ലയണൽ മെസി അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. 5000 രൂപ മുതൽ 50 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ സ്‌പോൺസർമാർ പുറത്തുവിട്ടിട്ടില്ല.
മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി രൂപ നൽകണമെന്നും പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവിഐപി ടിക്കറ്റുകൾ പരിമിത എണ്ണം മാത്രമാണ് വിതരണം ചെയ്യുകയെന്നാണ് സൂചന.
മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമായത്. നവംബർ 10 മുതൽ 18 വരെയുള്ള തീയതികളിലാണ് മെസി അടങ്ങുന്ന അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിനെത്തുന്നത്. നവംബർ മാസം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള അറ്റകുറ്റപ്പണികൾ പണികൾ ഉടൻ പൂർത്തിയാക്കും. ആദ്യം അംഗോളയിലും പിന്നീട് കേരളത്തിലുമാണ് ടീമിന് മത്സരമുള്ളത്. അതേസമയം മെസ്സിപ്പടയുടെ മത്സര തിയതിയും എതിരാളികളേയും സംബന്ധിച്ച് തീരുമാനമായിട്ടില്ല.
മെസ്സിയെ കാണണ്ടേ! കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്…
