പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിചിത്ര വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യഥാര്‍ഥ ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നാണ് 2019ലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊഴി നല്‍കിയത്. വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.
അതിനിടെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയേക്കില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്ദപദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശബരിമലയില്‍ നിന്ന് കിട്ടിയത് ചെമ്പു പാളി എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇത് നുണയെന്ന് പറയുന്ന അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പു പാളി എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തി.
അതുകൊണ്ട് തന്നെ യഥാര്‍ഥ പാളി ഉണ്ണികൃഷ്ണന്‍ പോറ്റി എന്തു ചെയ്‌തെന്നും തിരികെ കൊണ്ടുവന്നത് യഥാര്‍ഥ പാളിയാണോ എന്നതില്‍ വ്യക്തതയില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും വിജിലന്‍സ് സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.
