ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്‌യുടെ വിഡിയോയ്ക്കു പിന്നാലെ വിശദീകരണവുമായി തമിഴ്നാട് സർക്കാർ. റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം (ടിവികെ) ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പുമാണെന്നു സർക്കാർ വിശദീകരിച്ചു. മീഡിയ സെക്രട്ടറിയും ഐഎഎസ് ഉദ്യോസ്ഥയുമായ അമുത നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിന്നീടവർ ആവശ്യപ്പെട്ടത് ഉഴവർ മാർക്കറ്റ് പ്രദേശമാണ്. ഈ സ്ഥലങ്ങളെല്ലാം വളരെ ഇടുങ്ങിയതാണ്. അയ്യായിരം പേർക്ക് മാത്രം ഒത്തുകൂടാൻ സാധിക്കുന്ന സ്ഥലങ്ങളാണ് അവർ ആവശ്യപ്പെട്ടത്. വേലുച്ചാമിപുരം നൽകാമെന്നു പറഞ്ഞപ്പോൾ ടിവികെ അതു സ്വീകരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.
ദുരന്തവുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. റാലിയിൽ പങ്കെടുക്കാൻ 10000 പേർ വരുമെന്നാണ് ടിവികെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ 20000 പേർ വരുമെന്നും കണക്കുകൂട്ടി. അതനുസരിച്ചാണ് പൊലീസ് സുരക്ഷ അനുവദിച്ചത്. വിജയ് സംസാരിക്കുമ്പോൾ വൈദ്യുതി വിച്ഛേദിച്ചെന്ന ആരോപണവും സർക്കാർ നിഷേധിച്ചു. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്.
സാധാരണയായി 50 പേർക്ക് ഒരു പൊലീസ് എന്നതാണ് രീതി. എന്നാൽ കരൂരിൽ 20 പേർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് വിന്യസിച്ചത്. വിജയ്‌യുടെ പ്രചാരണത്തിനു എത്ര പേർ എത്തുമെന്നു കണക്കാക്കാൻ തമിഴ്നാട് സർക്കാരിനു കഴിഞ്ഞില്ലെന്ന വിമർശനത്തിനു അവർ നൽകിയ മറുപടിയിൽ പറയുന്നു.
നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് വിജയ് എക്സിൽ പങ്കുവച്ച വിഡിയോയിൽപറഞ്ഞിരുന്നു. ദുരന്തത്തിന് പിന്നാലെ ഇത് ആദ്യമായാണ് വിജയ് വിഡിയോയിലൂടെ പ്രതികരിച്ചത്
