സീനിയർ നേതാക്കളെ ഫീൽഡിൽ ഇറക്കി കളം പിടിക്കാൻ കോൺഗ്രസ്; മുല്ലപ്പള്ളിയിൽ സുധീരനും ഉൾപ്പെടെയുള്ളവർ മത്സര രംഗത്തേക്ക്; മുരളീധരൻ വട്ടിയൂർക്കാവിൽ ഇറങ്ങും

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എൻ ശക്തൻ തുടങ്ങിയ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണ് പാര്‍ട്ടിയില്‍ ആലോചന.

രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിന് ഒരു എംഎല്‍എപോലും ഇല്ലാത്ത ജില്ലയാണ് കോഴിക്കോട്. എന്നാല്‍, ജില്ലയില്‍ ഉള്‍പ്പെടുന്ന മൂന്ന് ലോക്സഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നത് മിന്നുന്ന ജയം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ച രണ്ട് തിര‍ഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കിട്ടിയത് നല്ല ഭൂരിപക്ഷമാണ്. മുല്ലപ്പള്ളി നിയമസഭയിലേക്ക് ഇറങ്ങിയാല്‍ ഈ സീറ്റുകളില്‍ ഒന്ന് പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.

കൊയിലാണ്ടിയിലോ നാദാപുരത്തോ മുല്ലപ്പള്ളി സ്ഥാനാര്‍ഥിയായാല്‍ ജില്ലയിലാകെ ഉണര്‍വുണ്ടാകുമെന്നും നേതാക്കള്‍ കരുതുന്നു. നിറംമങ്ങി നില്‍ക്കുന്ന തൃശ്ശൂര്‍ കോണ്‍ഗ്രസിനെ കളറാക്കാന്‍ വി എം സുധീരനെ കൊണ്ടാകുമെന്നാണ് മറ്റൊരു ആലോചന. 16 വര്‍ഷം സുധീരന്‍ എംഎല്‍എയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുന്നതിനൊപ്പം ജില്ലയിലെ മത്സരത്തിനാകെ മുന്നേറ്റമുണ്ടാക്കാമെന്നും കണക്കുകൂട്ടുന്നു. മത്സരരംഗത്തേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ചതാണ് നേരത്തെ സുധീരൻ.

തിരുവനന്തപുരത്ത് നാടാര്‍ വോട്ടുകളിലെ ചോര്‍ച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. കാട്ടാക്കട, പാറശ്ശാല മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍ എന്‍ ശക്തനെ വീണ്ടും ഇറക്കിയാല്‍ സമുദായ വോട്ടുകള്‍ ജില്ലയിലാകെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ കൂടി മത്സരിച്ചാല്‍ തിരുവനന്തപുരത്ത് തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ. പൊതുസമ്മതിയുള്ള പ്രമുഖരെയും പാര്‍ട്ടിക്ക് പുറത്തുനിന്ന് ഇത്തവണ പരീക്ഷിക്കാനും കോണ്‍ഗ്രസ് തയ്യാറാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!