കോട്ടയം : ആർപ്പൂക്കര മെഡിക്കൽ കോളജ് ഹൈസ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടി കുട്ടികൾ ഫുട്ബോൾ പ്രാക്ടീസ് ചെയ്യുന്നതിനിടെ പന്ത് സമീപത്തെ കുറ്റിക്കാട്ടിലേയ്ക്കു തെറിച്ചു പോയിരുന്നു. പന്ത് എടുക്കാൻ കാട്ടിൽ കയറിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ ഗാന്ധിനഗർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി സ്ഥലം ബന്ധവസ് ചെയ്തു. ഇന്ന് രാവിലെ പോലീസും ഫോറൻസിക് വിദഗ്ദ്ധരും ഇവിടെ പരിശോധന നടത്തി അസ്ഥികൂടം ശേഖരിച്ചു. അസ്ഥികൂടത്തിന് ഉദ്ദേശം മൂന്നു മുതൽ ആറുവരെ മാസത്തെ പഴക്കം ഉള്ളതായി കരുതുന്നു.
അസ്ഥികൂടത്തിന് സമീപത്തു നിന്നും ഒരു ഡബിൾ മുണ്ടും, ഒരു നീല റബർ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഗാന്ധിനഗർ പോലീസ് മൃതദേഹ അവശിഷ്ടം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്തുനിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പരിശോധനാഫലം വരുന്നതോടെ മാത്രമേ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് സ്ഥിരീകരിക്കാനാവു. മരണകാരണം അടക്കമുള്ളവ ഫോറൻസിക് പരിശോധനയിൽ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം.
കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് എങ്ങനെ ഒരാളെത്തി എന്നതാണ് പോലീസ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പോലീസ് സംഘം ശേഖരിക്കുന്നുണ്ട്. ആർപ്പൂക്കര ക്ഷേത്രത്തിന്നു മുൻപിൽ പഞ്ചായത്തു വക ഉപയോഗശൂന്യമായ ബസ് കാത്തിരുപ്പു കേന്ദ്രമുണ്ട്. ഇവിടെ സാമൂഹ്യ വിരുദ്ധരാണ് ക്യാമ്പുചെയ്യുന്നത്. ഇവിടെ തമ്പടിച്ചിരുന്ന ആരെങ്കിലുമാണോ മരണപ്പെട്ടതെന്ന സംശയവും നിലനില്ക്കുന്നു.
