ന്യൂഡല്‍ഹി: പേ വിഷബാധ പ്രതിരോധത്തിന് സജ്ജമായിരിക്കാന്‍ രാജ്യത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്ര നിര്‍ദേശം. സമയബന്ധിതമായ പരിചരണം, നിരീക്ഷണം, പരിശീലനം, ബോധവത്കരണം എന്നിവ ഉറപ്പാക്കാന്‍ ഇടപെടണം എന്നാണ് നിര്‍ദേശം. രാജ്യത്തെ 780 മെഡിക്കല്‍ കോളജുകളും ഈ വിഷയങ്ങളില്‍ കാര്യക്ഷമായി ഇടപെടണം എന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സര്‍ക്കുലറില്‍ വ്യക്തമക്കുന്നു.
പേവിഷബാധ 100 ശതമാനം മാരകമായ രോഗ സാഹചര്യമാണ്. എന്നാല്‍ മൃഗങ്ങളുടെ കടിയേറ്റ ഉടന്‍ നല്‍കുന്ന പരിചരണമായ പോസ്റ്റ്-എക്സ്പോഷര്‍ പ്രോഫിലാക്‌സിസ് സമയ ബന്ധിതമായി നല്‍കാന്‍ കഴിഞ്ഞാല്‍ രോഗ ബാധയെ പൂര്‍ണമായി തടയാന്‍ കഴിയും. പ്രാഥമിക ചികിത്സ സമയ ബന്ധിതമായി നല്‍കാന്‍ മെഡിക്കല്‍ കോളേജുകളില്‍ ആന്റി-റാബിസ് വാക്സിന്‍ , ആന്റി-റാബിസ് സെറം എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശത്തില്‍ പറയുന്നു.
ജൂനിയര്‍ റെസിഡന്റുകള്‍, സീനിയര്‍ റെസിഡന്റുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ റാബിസ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ സജ്ജരാക്കണം എന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ മെഡിക്കല്‍ കോളേജുകളും മെഡിക്കല്‍ സ്റ്റാഫിനും വിദഗ്ധ പരിശീലനം നല്‍കണം എന്നും മാര്‍ഗനിര്‍ദേശം ചൂണ്ടിക്കാട്ടുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേ വിഷ ബാധ മരണങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകത്തിലെ പേവിഷബാധ മരണങ്ങളില്‍ ഏകദേശം 36 ശതമാനവും ഇന്ത്യയിലാണ്.
2024-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 22 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് മൃഗങ്ങളില്‍ നിന്നും 5 ലക്ഷത്തിലധികം പേര്‍ക്കും ആക്രമണം നേരിടേണ്ടിവന്നു. 48 പേരാണ് കഴിഞ്ഞ വര്‍ഷം പേ വിഷബാധയേറ്റ് മരിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
