സൈബര്‍ ടീം കോണ്‍ഗ്രസിന് തലവേദന… രാഹുലിനെതിരായ നടപടിക്ക് പിന്നാലെ നേതാക്കള്‍ക്കെതിരെ

തിരുവനന്തപുരം : സൈബര്‍ പോരിന് ആശ്രയിച്ചവരിൽ ചിലര്‍ പാര്‍ട്ടിക്ക് ബാധ്യതയായെന്ന വിലയിരുത്തലിൽ കോണ്‍ഗ്രസ് നേതൃത്വം. നേതാക്കള്‍ക്കെതിരെ തിരിഞ്ഞ സാമൂഹിക മാധ്യമ താരങ്ങളെ വെട്ടി നിരത്തി ഡിജിറ്റൽ മീഡിൽ സെൽ പുതുക്കാനാണ് നീക്കം. രാഹുലിന്‍റെ സസ്പെന്‍ഷനിൽ ആക്രമണം നടത്തിയതോടെ പാര്‍ട്ടി വളയത്തിന് അകത്ത് നിൽക്കുന്ന കഴിവുള്ളവരെ സെല്ലിൽ ഉള്‍പ്പെടുത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സൈബറിടത്തിൽ ബിജെപിയുടെയും സിപിഎമ്മിന്‍റെ പോരാളികള്‍ക്ക് വമ്പൻ ലൈക്ക്, സാമൂഹിക മാധ്യമങ്ങളിൽ കോണ്‍ഗ്രസിന് റിച്ചില്ലെന്ന് തോന്നിയ കാലം. സൈബര്‍ വാറിന് ഇറങ്ങാൻ കെപിസിസിയും തീരുമാനിച്ചു. നല്ല കണ്ടന്‍റുണ്ടാക്കാൻ കഴിയുന്നവരെയും നേതാക്കളുടെ ആരാധകരെയും സൈബറിടത്തിലെ താരങ്ങളെയും കൂട്ടുപിടിച്ചൊരു ഡിജിറ്റൽ മീഡിയ സെൽ. ആശയപോരാട്ടം, വൈറൽ വീഡിയോകള്‍, നേതാക്കളെ പുകഴ്ത്തൽ, അടിക്ക് തിരിച്ചടി പോസ്റ്റുകള്‍, പോസ്റ്റുകള്‍ക്ക് താഴെ പൊങ്കാലയിടൽ, കുത്തിപ്പൊക്കൽ അങ്ങനെ സാമൂഹിക മാധ്യമങ്ങളിൽ കോണ്‍ഗ്രസ് സൈബര്‍ സംഘം സജീവമായി. കോണ്‍ഗ്രസ് വിട്ട പി സരിനായിരുന്നു ചുമതല. എന്നാൽ തുടക്കത്തിലേ പല കാരണങ്ങളാൽ സൈബര്‍ സംഘത്തിൽ ഭിന്നത തല പൊക്കി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് തയ്യാറാക്കിയ വീഡിയോയ്ക്ക് സെല്ലിന് പണം നൽകുന്നതിനെ നേതൃത്വം വിസമ്മതിച്ചു. സരിൻ വിട്ടതിന് പിന്നാലെ ഏകോപന പ്രശ്നം വന്നു.

സൈബര്‍ പോരാളികളിൽ ചിലര്‍ തനിക്ക് തോന്നുന്നത് എഴുതി തുടങ്ങി. രാഹുൽ മാങ്കൂട്ടത്തലിന്‍റെ സസ്പെന്‍ഷൻ ഉടക്കി നിന്ന സൈബര്‍ സംഘം അവസരമാക്കിയെന്ന് നേതാക്കള്‍ പറയുന്നു. പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞു. രാഹുലിനോട് ഇഷ്ടമില്ലെങ്കിലും സതീശനോട് വിരോധം തീര്‍ക്കാൻ തക്കം നോക്കിയിരുന്നവരും കളത്തിലിറങ്ങി. ഇതോടെ എത്ര ലൈക്കുള്ളവരെങ്കിലും പാര്‍ട്ടിക്ക് മീതെ ചാഞ്ഞാൽ അണ്‍ഫ്രണ്ട് ചെയ്യണമെന്ന് സതീശൻ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. കയറൂരി വിട്ടാൽ പാരയാകുമെന്ന് തിരിച്ചറിഞ്ഞതോടെ പാര്‍ട്ടി സമ്പൂര്‍ണ നിരീക്ഷണത്തിൽ ഡിജിറ്റൽ മിഡിയ സെല്ലിനെ പുതുക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!