ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കി കോണ്‍ഗ്രസ് ബിഹാര്‍ ഘടകം. പിന്നാലെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.
സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാല്‍പ്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്.
കോണ്‍ഗ്രസ് പാര്‍ട്ടി ഈ നിലയിലേക്ക് തരംതാഴ്‌ന്നോയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്നും വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ബിജെപി എംപി രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാ കുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം തലവന്‍ പവന്‍ ഖേര ചോദിച്ചു.
