കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസ്; പ്രതികളുടെ ഫോണില്‍ അതിക്രമ ദൃശ്യങ്ങള്‍, അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ലോ കോളേജില്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. അതിക്രമം സ്ഥീരീകരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോളേജ് ഗാര്‍ഡ് റൂമിലേക്ക് ബലം പ്രയോഗിച്ച് എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു 24 കാരിയുടെ പരാതി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒന്നര മിനിറ്റ് നീളുന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫോണുകളില്‍ നിന്നും ലഭിച്ചെന്നാണ് വിവരം. സംഭവത്തില്‍ കൊല്‍ക്കത്ത സബര്‍ബന്‍ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ബലാത്സംഗം നടന്നെന്ന് തെളിയിക്കുന്ന സുചനകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയ്ക്ക് എതിരായ അതിക്രമം കണ്ടെത്തുന്നതിനായി ക്യാമ്പസിലെ സിസിടിവികള്‍ പരിശോധിച്ചിരുന്നു. ഏഴ് മണിക്കൂറോളം വരുന്ന ദൃശ്യങ്ങളാണ് പരിശോധിച്ചത്. വൈകുന്നേരം മൂന്ന് മണി മുതല്‍ 7.30 വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ കുറ്റകൃത്യം നടന്നു എന്ന പറയുന്ന ഗാര്‍ഡ് റൂം വ്യക്തമാകുന്ന കാമറ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടിയെ ഗാര്‍ഡ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇതിലുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ചത്രപരിഷത്ത് ജനറല്‍ സെക്രട്ടറി മോണോജിത് മിശ്ര, ഷാഹിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യയ് എന്നിവരാണ് പിടിയിലായ വിദ്യാര്‍ഥികള്‍. കോളേജിലെ ഗാര്‍ഡാണ് പിടിയിലായ നാലാമത്തെ വ്യക്തി. അതിക്രമം നടക്കുമ്പോള്‍ ഇയാള്‍ പരിസരത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!