അകാരണമായി മര്‍ദിച്ചു, ജാതീയമായി അധിക്ഷേപിച്ചു, എസ്ഐ അനൂപ് ചന്ദ്രനെതിരെ പരാതിയുമായി 62കാരന്‍…

പത്തനംതിട്ട: പത്തനംതിട്ടയില്‍ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ 62കാരനെ അടൂർ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് അകാരണമായി മർദിച്ചെന്ന് പരാതി. സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി. മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നീതി കിട്ടുന്നില്ലെന്ന് പള്ളിക്കൽ സ്വദേശി ബാബു പറയുന്നു.

നാട്ടിൽ തന്നെയുള്ള മറ്റൊരു വ്യക്തിയുമായി സാമ്പത്തിക ഇടപാടിൽ തർക്കം ഉണ്ടായിരുന്നു. അടൂർ പോലീസ് സ്റ്റേഷനിൽ വച്ച് മെയ് 27ാം തീയതി സിഐയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പായി. തുടർന്ന് പരാതികൾ ഒന്നുമില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ട് സിഐ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോയി. ഈ സമയം സ്റ്റേഷനിലേക്ക് കയറിവന്ന എസ്ഐ അനൂപ് ചന്ദ്രൻ ഒരു കാരണവും ഇല്ലാതെ അസഭ്യം പറഞ്ഞശേഷം മർദിച്ചു എന്നാണ് പരാതി. അസുഖ ബാധിതനാണെന്നും ഉപദ്രവിക്കരുത് എന്നും സ്റ്റേഷന് പുറത്തുനിന്ന് ബാബുവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞു. എന്നാൽ ഭാര്യയെയും അസഭ്യം പറഞ്ഞ എസ്ഐ ജാതീയമായി അധിക്ഷേപിച്ചെന്നും ബാബു പറയുന്നു. ദളിത് സംഘടനാ പ്രവർത്തകർ കൂടിയാണ് ബാബുവും ഭാര്യയും. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും എസ്ഐക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!