ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ഞെട്ടിക്കുന്ന മുന്നേറ്റം. ആദ്യ മത്സരത്തിൽ ട്രംപ് തകർപ്പൻ വിജയമാണ് സ്വന്തമാക്കി. അമ്പത്തിയൊന്ന് ശതമാനത്തിന് മുകളിൽ വോട്ട് നേടിയാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപ് കരുത്ത് കാട്ടിയത്. രണ്ടാം സ്ഥാനത്തെത്തിയ ഡിസാന്റിസിന് ഇരുപത്തിയൊന്ന് ശതമാനത്തോളം വോട്ട് മാത്രമാണ് ലഭിച്ചതെന്നത് കൂടി പരിശോധിക്കുമ്പോൾ ആണ് ട്രംപിന്‍റെ മുന്നേറ്റം എത്രത്തോളം കരുത്തുറ്റതാണെന്ന് വ്യക്തമാകുക. പത്തൊമ്പത് ശതമാനം വോട്ട് നേടിയ നിക്കി ഹാലിയാണ് മൂന്നാം സ്ഥാനത്തുള്ളത്.
കൂടുതൽ വിവരങ്ങൾ ഇങ്ങനെ
അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആദ്യ സ്വന്തം പാർട്ടിയിൽ ഒന്നാമനാവണമെന്നതാണ് നിബന്ധന. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ആരാകുമെന്നറിയാനുള്ള മത്സരങ്ങളിൽ ആദ്യത്തേത് അയോവ കോക്കസാണ്. ഇവിടെയാണ് അമ്പത്തിയൊന്ന് ശതമാനത്തിന് മുകളിൽ വോട്ട് നേടി ട്രംപ് കരുത്ത് കാട്ടിയത്. രണ്ടാം സ്ഥാനത്തെത്തിയ ഡിസാന്റിസിന് നേടാനായത് കേവലം ഇരുപത്തിയൊന്ന് ശതമാനത്തോളം വോട്ട് മാത്രമാണ്. പത്തൊമ്പത് ശതമാനം വോട്ടുമായി നിക്കി ഹാലിയാണ് മൂന്നാമതുള്ളത്. വലിയ പ്രചാരണം അഴിച്ചുവിട്ട ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്ക് എട്ട് ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് നേടാനായത്. അയോവ കോക്കസിൽ നാലാമതായതോടെ വിവേക് മത്സരരംഗത്ത് നിന്ന് പിന്മാറി. ഇതിനൊപ്പം തന്നെ വിവേക് രാമസ്വാമി, ട്രംപിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചക്കുകയും ചെയ്തു. ന്യൂ ഹാംപ്ഷെയറിൽ നടക്കുന്ന റാലിയിൽ ട്രംപിനൊപ്പമെത്തുമെന്നും വിവേക് രാമസ്വാമിഅറിയിച്ചു. രാമസ്വാമിയുടെ പിന്മാറ്റം ട്രംപിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ മത്സര രംഗത്ത് തുടരുമെന്ന് ഡിസാന്റിസും ഹെയ്ലിയും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മൂന്നാമതാണെങ്കിലും ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ട്രംപ് വിരുദ്ധരുടെ പിന്തുണ നേടാമെന്നാണ് നിക്കി ഹെയ്ലി കണക്ക് കൂട്ടുന്നത്.
ന്യൂ ഹാംപ്ഷയറാണ് അടുത്ത റിപ്പബ്ലിക്കൻ പോർമുഖം. മാർച്ച് മാസത്തോടെ മത്സര രംഗം തെളിയും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ നവംബറിൽ ട്രംപ് – ബൈഡൻ പോരാട്ടമാകും അമേരിക്കയെ കാത്തിരിക്കുന്നത്.