
കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിൽ 2769 കോടി രൂപയുടെ വികസന പദ്ധതികളുടെ കൂടി നിർമാണം പൂർത്തിയായിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിലൊന്നാണ് കൊച്ചിയിൽ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചു നൽകിയതും കൊച്ചിന്‍ ഷിപ്‌യാർഡാണ്.
വലിയ കപ്പലുകൾ ഉൾപ്പെടെ നിർമ്മിക്കാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചിൻ ഷിപ്‌യാർഡിലെ ഡ്രൈ ഡോക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഒപ്പം വില്ലിംഗ്ൺ ഐലന്‍റിൽ ഷിപ്പ് റിപ്പയർ യാഡും പൂര്‍ത്തിയായി. ഒരേസമയം ഇവിടെ വലിയ കപ്പലുകളുടെയും ബോട്ടുകളുടെയും അറ്റകുറ്റപ്പണി നടത്താന്‍ കഴിയും. പ്രതിവർഷം നൂറിലധികം കപ്പലുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ പ്രാപ്തിയുള്ളതാണ് പുതിയ ഷിപ്പ് റിപ്പയർ യാഡ്. കേരളത്തിൽ കുതിച്ചുവളരുന്ന എം എസ് എം ഇ മേഖലയ്ക്കും കൊച്ചിൻ ഷിപ്‌യാഡിലെ പുതിയ പദ്ധതികൾ പ്രയോജനകരമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഈ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
കൊച്ചിൻ ഷിപ്‌യാർഡ് മേധാവിയുമായി കഴിഞ്ഞ പ്രാവശ്യം കൂടിക്കാഴ്ച നടത്തിയപ്പോൾ കേരളത്തിലെ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും തൊഴിലാളി സംഘടനകളെക്കുറിച്ചും വളരെ പോസിറ്റീവായിട്ടുള്ള അഭിപ്രായമാണ് അദ്ദേഹം പങ്കുവച്ചതെന്ന് മന്ത്രി പറഞ്ഞു. ഒരു കാലതാമസവുമില്ലാതെ പറഞ്ഞ സമയത്തുതന്നെ ഇത്രയും വലിയ പദ്ധതി കേരളത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമ്പോൾ കേരളത്തിലെ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുകയാണെന്നും മന്ത്രി രാജീവ് അവകാശപ്പെട്ടു.
