ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം.. ഗൃഹപ്രവേശനത്തിന്റെ പിറ്റേന്ന് യുവാവിന് ദാരുണാന്ത്യം…‘എനിക്ക് കുഴപ്പമില്ല’ന്ന് പറഞ്ഞതിന് പിന്നാലെ…

ഗൃഹപ്രവേശനത്തിന്റെ പിറ്റേന്ന് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബനാഥനായ യുവാവ് മരിച്ചു. മുളിയാര്‍ മൂലടുക്കത്തെ ഉപകരാറുകാരനായ ബി.കെ.കബീര്‍ (42) ആണ് മരിച്ചത്.

ചെര്‍ക്കള-ജാല്‍സൂര്‍ പാതയില്‍ പൊവ്വലിനും മാസ്തികുണ്ടിനും ഇടയ്ക്കുള്ള റേഷന്‍കടയ്ക്ക് സമീപമായിരുന്നു അപകടം.സഹോദരിയെ അവരുടെ വീട്ടില്‍ കൊണ്ടു പോയി വിട്ട ശേഷം ബൈക്കില്‍ തിരികെ വരുമ്പോഴാണ് അപകടം.

മുള്ളേരിയയില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറുമായാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരനായ കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ജീവനക്കാരന്‍ അയ്യര്‍ക്കാട്ടെ വിനീഷിനും (26) പരിക്കേറ്റു. പുറമെ പരിക്കുകളില്ലാതിരുന്ന കബീര്‍, ഓടിയെത്തിയ നാട്ടുകാരോട് ‘എനിക്ക് കുഴപ്പമില്ല അവനെ ആസ്പത്രിയില്‍ എത്തിക്കൂ’വെന്ന് പറഞ്ഞ് സ്വയം എഴുന്നേറ്റ് ബൈക്കില്‍ കയറിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

എന്നാൽ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപം പുതുതായി കബീര്‍ പണിത വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് ഞായറാഴ്ച നടന്നിരുന്നു. മൂലടുക്കത്തെ കുടുംബവീട് വിറ്റപ്പോള്‍ ലഭിച്ച തുക ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് 1000 സ്‌ക്വയര്‍ ഫീറ്റിലുള്ള ഒരുനില കോണ്‍ക്രീറ്റ് വീട് പണിതത്. ഗൃഹപ്രവേശന ചടങ്ങിനെത്തിയ സഹോദരി ആയിഷയെ ചെങ്കള ചേരൂരിലെ വീട്ടില്‍ വിട്ടശേഷം വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!