ആലപ്പുഴ: ക്ഷേത്രത്തില്‍ അമിനിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ പണം അനുവദിച്ചതില്‍ സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ഒരു ദേവാലയത്തിന് വേണ്ടി പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അതിന് ദേവസ്വം ബോര്‍ഡുണ്ട്. നാളെ മുസ്ലിം പള്ളികളോ ക്രിസ്ത്യന്‍ ദേവാലയങ്ങളോ ആവശ്യപ്പെട്ടാല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമോയെന്നും ജി സുധാകരന്‍ ചോദിച്ചു. എസ്എന്‍ഡിപി പരിപാടിയിലായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ അമിനിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ വിമര്‍ശനം. നമ്മുടെ താലൂക്കില്‍ ഒരു ക്ഷേത്രത്തിനകത്ത് ഡീലക്സ് മുറികള്‍ പണിയാന്‍ പോവുകയാണ്. ക്ഷേത്രത്തിന് ഡീലക്‌സ് മുറികള്‍ ആവശ്യമുണ്ടോ?, ആ ആറ് കോടി രൂപയുണ്ടെങ്കില്‍ റോഡ് നിര്‍മ്മിച്ചു കൂടെ?. പള്ളിക്കൂടം നിര്‍മ്മിച്ചു കൂടെ?. കുടിവെള്ള പൈപ്പ് ഇട്ടുകൂടേ? പാവപ്പെട്ടവന് വീട് വച്ച് കൊടുത്തു കൂടെ?. പൊതുമരാമത്തു വകുപ്പിനും എച്ച് സലാം എംഎല്‍എയ്ക്കും പരോക്ഷവിമര്‍ശനവുമായി ജി സുധാകരന്‍ പറഞ്ഞു.
ഡീലക്‌സ് മുറികള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് കൊടുത്ത് പൈസ വാങ്ങി അമ്പലത്തിന് കൊടുക്കുന്ന പരിപാടിയല്ല വേണ്ടത്. അമ്പലങ്ങളുടെ കാര്യം നോക്കാന്‍ ദേവസ്വം ബോര്‍ഡുകളുണ്ട്. അവര്‍ക്ക് പണത്തിന്റെ കുറവുണ്ടെങ്കില്‍ സര്‍ക്കാരിനോട് ചോദിക്കാം. സര്‍ക്കാരിന് ദേവസ്വം ബോര്‍ഡിന് പൈസ കൊടുക്കാം. ക്ഷേത്രത്തിന് നേരിട്ട് പണം കൊടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. നാളെ മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും ചോദിച്ചാലും സര്‍ക്കാരിന് കൊടുക്കാന്‍ പറ്റുമോയെന്ന് ജി സുധാകരന്‍ ചോദിച്ചു.
അമ്പലങ്ങള്‍ നിര്‍മ്മിക്കല്‍ സര്‍ക്കാരിന്റെ ജോലിയല്ല. അത് ജനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇനി വേണമെങ്കില്‍ സ്ഥാപിച്ചുകൊള്ളും. പുരോഗമനം പറയുന്ന ഇക്കാലത്ത് ജനപ്രതിനിധികള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കണം. എല്ലാവരും ചേര്‍ന്ന് കൈകൊട്ടിപ്പാട്ടൊക്കെ നടത്തി, നീയും ഗംഭീരം, ഞാനും ഗംഭീരം, നമ്മളും ഗംഭീരം എന്നൊക്കെ പറഞ്ഞാലൊന്നും ഇവിടുത്തെ സത്യങ്ങളൊന്നും ഇല്ലാതാകില്ല. വിദ്യാഭ്യാസ മേഖലയിലെ അടക്കം പ്രശ്‌നങ്ങളൊന്നും ഇല്ലാതാകില്ല. ജി സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രം നമ്മുടെ ജില്ലയിലും നമ്മുടെ താലൂക്കിലുമാണ്. അവിടെയാണ് ക്ഷേത്രത്തിനകത്ത് ഡീലക്‌സ് മുറി പണിയാന്‍ പോകുന്നത്. എസി അടക്കം എല്ലാ സുഖസൗകര്യങ്ങളെല്ലാമുള്ള മുറികളാണ് പണിയുന്നത്. ഇന്നാട്ടുകാര്‍ക്ക് അവിടെ തൊഴുതിട്ട് വരാനുള്ളതേയുള്ളൂ. ദൂരെ നിന്നും വരുന്ന മലയാളികളാണെ ങ്കിലും അവരൊന്നും വിദേശികളല്ലല്ലോ അവിടെ വന്നു താമസിക്കാന്‍. ഈ ക്ഷേത്രത്തിനകത്ത് എസി മുറികളുടെ ആവശ്യമുണ്ടോയെന്ന് ജി സുധാകരന്‍ ചോദിച്ചു.
ഭരണഘടനാപരമായി ഒരു മതത്തിലേയും ഒരു ക്ഷേത്രത്തിനും ദേവാലയത്തിനും പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ല. കാരണം സര്‍ക്കാരിന് മതം ഇല്ല. സര്‍ക്കാരിന് ദൈവം ഇല്ല. അതൊക്കെ ജനങ്ങള്‍ക്കാണ്. അതിനെ ബഹുമാനിക്കുക, സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ഒരു പള്ളിയോ ക്ഷേത്രമോ മാറ്റേണ്ടി വന്നാല്‍ അതു പണിതുകൊടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. കാരണം അത് സര്‍ക്കാരിനു വേണ്ടി മാറ്റിയതാണ്. അതല്ലാതെ ദേവാലയത്തിന് നേരിട്ട് പണം നല്‍കാന്‍ അധികാരമില്ല. ഭരണഘടനാ വിരുദ്ധമാണത്.
ഇവിടെ നേതാക്കന്മാരുടെ പടമെല്ലാം അമ്പലത്തിനുള്ളില്‍ കൊണ്ടുവെച്ചിരിക്കുകയല്ലേ. ഇതൊക്കെ ശരിയായ കാര്യമാണോ?. തെറ്റായ കാര്യമാണിത്. കേന്ദ്രസര്‍ക്കാരിന്റെ പണം ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ അമ്പലം പണിതതിനെ വിമര്‍ശിക്കുന്നവരാണ് നമ്മളെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. ദൂര ദേശങ്ങളില്‍ നിന്നും ക്ഷേത്രങ്ങളില്‍ എത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കുക ലക്ഷ്യമിട്ടാണ് ക്ഷേത്രത്തിനകത്ത് കോടികള്‍ ചെലവിട്ട് അമിനിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നത്.
