തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്റെ ജനപിന്തുണ ഇടിയുന്നതായി അഭിപ്രായ സര്‍വെ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചത് 17.5 ശതമാനം പേര്‍ മാത്രമാണ്. വോട്ട് വൈബ് എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വേയിലാണ് പിണറായി വിജയന്റെ ജനപ്രീതി ഇടിയുന്നത് വ്യക്തമാക്കുന്നത്.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താല്‍പ്പര്യപ്പെടുന്നത്. ശൈലജയെ 24.2 ശതമാനം പേരാണ് അനുകൂലിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള വനിതാ നേതാവാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ ടീച്ചര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും കെ കെ ശൈലജയെ മാറ്റിനിര്‍ത്തിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 5.8 ശതമാനം പേര്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പി എ മുഹമ്മദ് റിയാസിനെ 5.3 ശതമാനം പേരും പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് കൂടിയാണ്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മുഹമ്മദ് റിയാസ്.
മുന്‍മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും, ആലത്തൂര്‍ എംപിയുമായ കെ രാധാകൃഷ്ണനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 3.6 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രണ്ടു ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. മറ്റുള്ളവര്‍/ അഭിപ്രായം പറയാനില്ല എന്ന് 41. 5 ശതമാനം പേരും സര്‍വേയില്‍ വ്യക്തമാക്കുന്നു.
