തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമർശനം തള്ളാതെ വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നത് അടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണം. ഉപകരണങ്ങൾ എത്താൽ കാലതാമസം ഉണ്ടാകുന്നു എന്നത് വസ്തുതയാണ്. കാലതാമസം ഒഴിവാക്കണം. നടപടികൾ ലളിതമാക്കണം. സിസ്റ്റത്തിന് വീഴ്ചയുണ്ടെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമിതി റിപ്പോർട്ട് മെഡിക്കൽ വിഭ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് ഇന്ന് കൈമാറും.
ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡോ. ഹാരിസിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്. ഡോ. ഹാരിസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രതികരണം നടത്തിയതും സർവീസ് ചട്ടലംഘനമാണ്. എന്നാൽ ഇതിന്റെ പേരിൽ ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഡോ. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ലെന്നും സമിതി വിലയിരുത്തുന്നു. എന്നാൽ ചില പരാതികളിൽ കാര്യമുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മെഡിക്കൽ കോളേജിൽ ഏറ്റവും രോഗീസാന്ദ്രതയേറിയ യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഡോ. ഹാരിസ് ഉൾപ്പെടെ ആർക്കെതിരേയും അച്ചടക്കനടപടിക്ക് റിപ്പോർട്ടിൽ ശുപാർശയില്ല. എച്ച്ഡിഎസിന്റെ ഫയൽനീക്കം സുഗമമാക്കണം, ഫയൽ കടന്നുപോകുന്ന തട്ടുകൾ കുറയ്ക്കണം എന്നീ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. സാമ്പത്തിക ഇടപാടുകളിൽ പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും അധികാരം നൽകണമെന്നും സമിതി ശുപാർശ ചെയ്യുന്നു. സംവിധാനത്തിന്റെ പരിമിതികൾ മറ്റ് വകുപ്പുമേധാവിമാരും അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ട്.
നടപടിക്രമം ലഘൂകരിക്കണമെന്ന നിർദേശം വകുപ്പുമേധാവികൾ മുന്നോട്ടുവെച്ചിരുന്നു. മൂത്രാശയക്കല്ല് പൊടിക്കുന്ന ലാത്തോക്ലാസ്റ്റ് പ്രോബ് ഉപകരണക്ഷാമത്തെത്തുടർന്നാണ് ഡോ. ഹാരിസിന്റെ യൂണിറ്റിൽ ശസ്ത്രക്രിയ മുടങ്ങിയത്. ബുധനാഴ്ചയും വിദഗ്ധസമിതി അംഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി തെളിവുശേഖരിച്ചിരുന്നു. മെഡിക്കൽ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതുസംബന്ധിച്ച്, ആശുപത്രി വികസനസമിതിയുടെ നടപടികളാണ് പരിശോധിച്ചത്. കഴിഞ്ഞ ഒരുവർഷത്തെ ശസ്ത്രക്രിയാവിവരങ്ങളും സമിതി പരിശോധിച്ചു. ഇതിനുശേഷം രാത്രിയോടെയാണ് റിപ്പോർട്ട് കൈമാറി.
