സൗത്ത് പാമ്പാടിയിൽ തെരുവ് നായയുടെ ആക്രമണം;  ഗുരുതര പരിക്കേറ്റ മൂന്നുപേർ കോട്ടയം മെഡിക്കൽ കോളേജിൽ

സൗത്ത് പാമ്പാടി:  തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന്  ഉച്ചയ്ക്ക് ഒന്നരമണിയോടുകൂടിയാണ് സംഭവം .

കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് കിഴക്കുവശം ചാത്തൻപുരയിടത്ത് അനീഷ് സി കുര്യാക്കോസിനാണ് ആദ്യമായി നായയുടെ കടിയേറ്റത്. അനീഷിന്റെ ചുണ്ടിനും മുഖത്തും കൈക്കും കടിയേറ്റു. തുടർന്ന് അമ്പാട്ട് ജോബി കുര്യാക്കോസിന്റെ കാലിന് ആദ്യം കടിച്ച നായ അദ്ദേഹത്തിൻ്റെ  ചുണ്ടിന്റെ  ഒരു ഭാഗം കടിച്ചെടുത്ത് കിഴക്കോട്ട് ഓടി. തുടർന്ന് മുളേക്കുന്ന്‌ കിഴക്കയിൽ മലയാള മനോരമ റിട്ടയേഡ് ഉദ്യോഗസ്ഥൻ  കെ. എസ് ചക്കോയെ ( കുഞ്ഞൂട്ടി ) കടിച്ചു. കന്നുവെട്ടി ഭാഗത്ത് കൊല്ലംപറമ്പിൽ ജോസഫ് കുര്യനെ (റ്റിറ്റു ) മാന്തിയ നായ വെള്ളറയിൽ മോഹനന്റെ ദേഹത്ത് ചാടിക്കയറി.

ചാത്തൻപുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയിൽ മോഹനന്റെയും വീട്ടിലെ കോഴികളെ നായ കടിച്ചു കൊന്നു. ഗുരുതരമായ പരിക്കേറ്റ അനീഷും ജോബിയും ചാക്കോയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നേടി. പാമ്പാടിയിൽ നിന്നും ആന്റി റാബീസ് വാക്സിനും, റ്റി. റ്റി യും എടുത്തതിനുശേഷം  പരിക്ക് ഗുരുതരവും കഴുത്തിന് മുകളിലുമായതിനാലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പേ വിഷബാധ സംശയിക്കുന്നതിനാലും  വിദഗ്ധ പരിശോധനയ്ക്ക് ശേഷം   ഇമ്മ്യൂണോഗ്ലോബിൻ  വാക്സിൻ നൽകേണ്ടി വന്നേക്കാമന്നതിനാലാണ് അവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

സ്കൂൾ വിട്ടു വരുന്ന സമയമായതിനാൽ മോഹനന്റെ മകൾ  മോനിഷ താൻ മുൻപ് പഠിപ്പിച്ചിരുന്ന ജൂനിയർ ബസേലിയോസ് സ്കൂളിന്റെ മാനേജർ അഡ്വ. സിജു. കെ ഐസക്കിനെ വിവരം വിളിച്ചറിയിച്ചു. സിജു തന്റെ സഹോദരനും സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റരുമായ ഷൈജു കെ. ഐസക്കിനെ വിവരം അറിയിച്ചു. തുടർന്ന് സ്കൂൾ വാഹനത്തിൽ അല്ലാതെ പോകുന്ന കുട്ടികളെ അധ്യാപകർ തങ്ങളുടെ വാഹനങ്ങളിൽ വീടുകളിൽ എത്തിച്ചു. പ്രാദേശിക ചാനലുകാരനായ സി.ജെ കുര്യാക്കോസിന്റെ ലൈവിലൂടെ വിവരം അറിഞ്ഞ മറ്റു മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ വന്നു കൂട്ടിക്കൊണ്ടുപോയി.

പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക്, കൊല്ലം പറമ്പിൽ റ്റിജു, റ്റിറ്റു, വെള്ളറയിൽ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ നായയെ വിരട്ടി ഓടിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ദീപുവും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!