ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും; പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവീസിൽ നിന്നും വിരമിക്കും. 2023 ജൂൺ 30 മുതൽ 2 വർഷമാണ് അദ്ദേഹം പൊലീസ് മേധാവിയായി പ്രവർത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യു ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. ആന്ധ്രയിലെ കടപ്പ സ്വദേശിയാണ്. വിരമിക്കുന്ന പൊലീസ് മേധാവി ഡോ. ദർവേഷ് സാഹിബിന് പൊലീസ് സേന നൽകുന്ന വിടവാങ്ങൽ പരേഡ് ഇന്നു രാവിലെ 8.30ന് എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും. കേരള പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഉച്ചയ്ക്ക് 12ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സർക്കാർ ഇന്നു തീരുമാനിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗമാണ് പുതിയ ഡിജിപിയെ നിശ്ചയിക്കുക. സംസ്ഥാന കേഡറിലെ മൂന്ന് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ്, പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ് സി അംഗീകരിച്ച് നല്‍കിയിട്ടുള്ളത്. സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷല്‍ ഡയറക്ടര്‍ രവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ഇവരില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍ എന്നിവരില്‍ ഒരാള്‍ പൊലീസ് മേധാവി സ്ഥാനത്തെത്തുമെന്നാണ് സൂചന. രവാഡയെ പൊലീസ് മേധാവിയാക്കാന്‍  ആഭ്യന്തര വകുപ്പിന് താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. രവാഡയുടെ പേര് മുഖ്യമന്ത്രി നിര്‍ദേശിച്ചാല്‍, മറ്റ് ഘടകകക്ഷികള്‍ എതിര്‍പ്പ് ഉന്നയിച്ചാല്‍ നിതിന്‍ അഗര്‍വാളിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. കൂത്തുപറമ്പ് വെടിവെയ്പ് സമയത്ത് രവാഡ ചന്ദ്രശേഖര്‍ കണ്ണൂര്‍ എഎസ്പിയായിരുന്നു. നായനാര്‍ സര്‍ക്കാര്‍ എടുത്ത കേസില്‍ രവാഡ ചന്്ദരശേഖറും പ്രതിയായിരുന്നു. 2012ല്‍ കേരള ഹൈക്കോടതി രവാഡ ചന്ദ്രശേഖറിനെ കുത്തുപറമ്പ് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി.     

1991 ബാച്ച് ഉദ്യോഗസ്ഥനായ, ആന്ധ്ര സ്വദേശിയായ രവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്‌പെഷല്‍ ഡയറക്ടറായിരുന്ന രവാഡ ചന്ദ്രശേഖറിനെ, അടുത്തിടെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ പൊലീസ് മേധാവിയാക്കിയാല്‍ കേരളത്തിലേക്ക് തിരിചിചുവരാന്‍ താല്‍പ്പര്യമുണ്ടെന്ന് രവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ് മുന്‍ മേധാവിയാണ്, പട്ടികയില്‍ ഒന്നാമത്തെ പേരുകാരനും സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറുമായ നിതിന്‍ അവര്‍വാള്‍. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നിതിന്‍ അഗര്‍വാള്‍.

യുപിഎസ് സി അംഗീകരിച്ച പട്ടികയിൽ മൂന്നാമതുള്ള, നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്ത സര്‍ക്കാരിന് അനഭിമതനാണ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതും, മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വിജിലന്‍സ് കേസ് ഫയലുകള്‍ സിബിഐക്ക് കൈമാറിയതുമാണ് സര്‍ക്കാരിന്റെ അപ്രീതിക്ക് കാരണമായത്. ഡിജിപി മനോജ് എബ്രഹാമായിരുന്നു പട്ടികയിലെ നാലാമൻ. എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ എന്നിവരുടെ പേരുകളും ഡ‍ിജിപി പദവിയിലേക്ക് പരിഗണിക്കാനായി സംസ്ഥാന സർക്കാർ യുപിഎസ് സിക്ക് അയച്ചു നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!