ട്രെയിൻ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത;  മാറ്റങ്ങളുമായി റെയിൽവേ…

ന്യൂഡൽഹി :: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്കുള്ള അനിശ്ചിതത്വം നീക്കുന്നതിനായാണ് പുതിയ നടപടിയെന്ന് റെയിൽവേ അറിയിച്ചു.

ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയത് ജൂലൈ ഒന്ന് മുതൽ തന്നെ നടപ്പാക്കുമെന്നും റെയിൽവേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണം ജൂലായ്‌ അവസാനം മുതൽ നിർബന്ധമാക്കും

റെയിൽവേ ആപ്പ് മുതൽ വെയ്റ്റിംഗ് ലിസ്റ്റ് വരെ പുതിയ മാറ്റങ്ങളാണ് വരുന്നത്. ജനങ്ങളോട് ചേർന്നാണ് ഓരോ തീരുമാനവും റെയിൽവേ സ്വീകരിക്കുന്നത്. എന്നാൽ, ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും റെയിൽവേക്കുറിച്ച് ചില കാര്യങ്ങളിൽ പരാതികൾ നിലനിൽക്കുന്നുണ്ട്. പുതിയ പരിഷ്കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ ആ വിഷയം ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷ നൽകാനും റെയിൽവേ അവസരം നൽകുന്നുണ്ട്.

മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ നിങ്ങളുടെ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിക്കുന്നു. നിങ്ങൾക്ക് ട്രെയിൻ നഷ്ടമായാലോ അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ടിഡിആർ ഫയൽ ചെയ്യാം. അതുവഴി നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്കരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!