ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്, പുതിയ വിമാനത്താവളം വരുന്നു; നിര്‍ദേശം സര്‍ക്കാരിന്റെ സജീവപരിഗണനയിൽ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മോശം ഭാഷയില്‍ മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിച്ചത് വിവാദമായതോടെ, ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്.

ഇത് അവസരമാക്കി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. യുദ്ധ വിമാനങ്ങള്‍ക്കും യാത്ര വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയുന്ന തരത്തില്‍ വിമാനത്താവളം നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചന.

രണ്ടുതരത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ വിമാനത്താവളം നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധ വിമാനങ്ങള്‍ക്കും വാണിജ്യ വിമാനങ്ങള്‍ക്കും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നവിധം വിമാനത്താവളം നിര്‍മ്മിക്കാനാണ് ആലോചനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തന്നെ മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ഒരു നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉണ്ട്. പുതിയ സാഹചര്യത്തില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് വിമാനത്താവളത്തിന് തന്ത്രപ്രാധാന്യവുമുണ്ട്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നിരീക്ഷണം ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. മിനിക്കോയ് വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ കടല്‍ക്കൊള്ളക്കാരെ നിരീക്ഷിക്കാനും മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും കൂടുതല്‍ ഫലപ്രദമായി സാധിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. നേരത്തെ കോസ്റ്റ്ഗാര്‍ഡ് ആണ് മിനിക്കോയില്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വ്യോമസേനയായിരിക്കും മിനിക്കോയില്‍ നിന്നുള്ള സര്‍വീസുകളെ നിയന്ത്രിക്കുക.

നിലവില്‍ ലക്ഷദ്വീപില്‍ അഗത്തിയില്‍ മാത്രമാണ് എയര്‍സ്ട്രിപ്പ് ഉള്ളത്. ചെറിയ വിമാനങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!