ന്യൂഡല്‍ഹി: സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക് (reserve bank). പണയം വെയ്ക്കുന്ന സ്വര്‍ണത്തിന് കൂടുതല്‍ മൂല്യം നല്‍കി സ്വര്‍ണ വായ്പ മാനദണ്ഡങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തി. പണ വായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം.
2.5 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ലോണ്‍-ടു-വാല്യൂ (എല്‍ടിവി) അനുപാതം കേന്ദ്രബാങ്ക് 75 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ഇതില്‍ പലിശ ഘടകവും ഉള്‍പ്പെടുന്നു. അതിനാല്‍, ഒരു കടം വാങ്ങുന്നയാള്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പണയം വച്ചാല്‍ ഇപ്പോള്‍ അവര്‍ക്ക് 85,000 രൂപ വരെ വായ്പ ലഭിക്കും. നേരത്തെ ഇത് 75000 രൂപയായിരുന്നു. മുമ്പത്തേക്കാള്‍ 10,000 രൂപ കൂടുതല്‍ ലഭിക്കുന്ന തരത്തിലാണ് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചത്.
ഇത് സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണ വായ്പാ രീതികളെക്കുറിച്ചുള്ള വിശാലമായ അവലോകനത്തിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് നടപടി.ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് പ്രധാനമായി സ്വര്‍ണ പണയത്തിന്മേല്‍ വായ്പ അനുവദിക്കുന്നത്.
ഇതിന് പുറമേ രണ്ടര ലക്ഷം വരെയുള്ള ചെറുകിട സ്വര്‍ണ വായ്പകളെ ക്രെഡിറ്റ് അപ്രൈസലില്‍ നിന്ന് ഒഴിവാക്കാനും ആര്‍ബിഐ തീരുമാനിച്ചു. ക്രെഡിറ്റ് അപ്രൈസല്‍ മുന്‍ഗണനാ വായ്പകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ചെറുകിട സ്വര്‍ണ വായ്പകളെ ക്രെഡിറ്റ് വിലയിരുത്തലില്‍ നിന്ന് ഒഴിവാക്കുന്നത് പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും ലോണ്‍ പ്രോസസിങ് വേഗത്തിലാക്കാനും സഹായിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.
