ബംഗളൂരു: പരിശീലനത്തിനെത്തിയ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബാഡ്മിന്റണ്‍ കോച്ച് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ പരിശീലകന്‍ സുരേഷ് ബാലാജിയാണ് അറസ്റ്റിലായത്. പതിനാറുകാരി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി മുത്തശ്ശിയുടെ ഫോണില്‍ നിന്ന് അജ്ഞാത നമ്പറിലേക്ക് അയച്ചത് കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇവര്‍ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
പരീശീലനം നല്‍കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി കോച്ച് പല തവണ അയാളുടെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായും ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അവധിക്കു മുത്തശ്ശിയുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ചിത്രം അയയ്ക്കാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്നാണ് മുത്തശ്ശിയുടെ ഫോണില്‍ ചിത്രം പകര്‍ത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ബാഡ്മിന്റണ്‍ പരിശീലനത്തിന് ചേര്‍ന്നതെന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയതായും പരിശീലകനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചതായും ഇയാളുടെ മൊബൈലില്‍ പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും മറ്റ് പരിശീലനത്തിനായി എത്തുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.