മോദിക്കൊപ്പം വേദിയില്‍ മറിയക്കുട്ടിയും; താരശോഭയേറ്റി ശോഭനയും മിന്നുമണിയും; രണ്ട് ലക്ഷം സ്ത്രീകളെത്തും

തൃശൂര്‍ : ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ നടി ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, മറിയക്കുട്ടി എന്നിവര്‍ വേദി പങ്കിടും. ചടങ്ങില്‍ വ്യവസായി ബീനാ കണ്ണന്‍, പത്മശ്രീ സോസമ്മ ഐപ്പ്, സാമുഹ്യ പ്രവര്‍ത്തകന്‍ ഉമാ പ്രേമന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. പൊതുസമ്മേളന വേദിയില്‍ വനിതകള്‍ക്കു മാത്രമാണ് പ്രവേശനം.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സജീവമായി മണ്ഡലത്തില്‍ തുടരുന്ന സുരേഷ് ഗോപിയിലൂടെ അപ്രതീക്ഷിത വിജയം നേടാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മോദിയുടെ കേരള സന്ദര്‍ശനം വലിയ നേട്ടമുണ്ടാക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു

ഉച്ചയ്ക്കു രണ്ടിനു മോദി ഹെലികോപ്റ്റര്‍ മാര്‍ഗം കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തും. ജനറല്‍ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും. മൂന്നിനു തേക്കിന്‍കാട് മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ രണ്ടുലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

4.30നു റോഡ് മാര്‍ഗം തിരികെ കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്ററില്‍ നെടുമ്പാശേരിയിലേക്കു തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!