കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ അഞ്ചുപേര്‍ പിടിയില്‍… അറസ്റ്റ് ചെയ്തത് ആലപ്പുഴയിൽ നിന്ന്…

ആലപ്പുഴ : കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഓച്ചിറ മേമന സ്വദേശി രാജപ്പന്‍, ഇയാളുടെ സുഹൃത്ത് അതുല്‍, മറ്റ് മൂന്നുപേര്‍ എന്നിവരാണ് പിടിയിലായത്. രാജപ്പനും സുഹൃത്തും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് അറിയിച്ചു. മറ്റ് മൂന്നുപേര്‍ക്ക് കൃത്യവുമായുള്ള ബന്ധം പോലീസ് പരിശോധിച്ചുവരികയാണ്. രാജപ്പനാണ് സന്തോഷിനെ ആക്രമിക്കാനുള്ള സ്‌ഫോടകവസ്തു നിര്‍മിച്ചുനല്‍കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആലപ്പുഴ ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമാണ് അതുല്‍ പിടിയിലായത്.

കൊലപാതകശ്രമക്കേസ്പ്രതിയായ സന്തോഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ പുലര്‍ച്ചെ രണ്ടേകാലോടെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുനേരെ ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം സന്തോഷിനെ വീട്ടിനകത്ത് കയറി വെട്ടിക്കൊന്നത്.2024 നവംബര്‍ 13-ന് പങ്കജ് എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഇതിന്റെ വൈരാഗ്യമാണോ സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ സംശയം.ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവര്‍ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. അതിനുശേഷമാണ് കൈക്കുവെട്ടിയത്.സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതില്‍ രക്തംവാര്‍ന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!