വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിൽ അസംതൃപ്തി ആവർത്തിച്ച് എ. പദ്‌കുമാർ

ആറന്മുള (പത്തനംതിട്ട) : സി.പി.എം. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതിലും വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവർത്തിച്ച് എ. പദ്‌കുമാർ.

സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്കിലെ നിലപാട് ആവർത്തിച്ചത്. എന്തുവന്നാലും താൻ സി.പി.എം. വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി എന്നനിലയ്ക്ക് ഞാൻ ചെയ്‌ത തെറ്റിന് സ്വാഭാവികമായും ശിക്ഷയുണ്ടാകുമല്ലോ. അച്ചടക്ക നടപടിയുണ്ടായില്ലെങ്കിൽ ഇത് കമ്യൂണിസ്റ്റ് പാർട്ടിയല്ലല്ലോ. അത് എനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും ബാധകമാകണം.

അച്ചടക്ക നടപടി നേരിട്ടാലും പാർട്ടിയിൽ തന്നെ തുടരും. പാർട്ടി വിട്ടുപോയാക്കാമെന്ന സൂചനകളുടെ ആവശ്യമില്ല. 15-ാം വയസ്സിൽ എസ്.എഫ്.ഐ.യുടെ പ്രവർത്തകനായാണ് വരുന്നത്. നാളിതുവരെ അതിന് മാറ്റമുണ്ടായിട്ടില്ല. ഇപ്പോൾ 52 വർഷമായി. ഇനിയിപ്പോൾ വയസ്സാംകാലത്ത് വേറെയൊരു പാർട്ടി നോക്കാൻ ഞാനില്ല. ഞാൻ സി.പി.എം. ആയിരിക്കും.

പത്തനംതിട്ടയിൽനിന്ന് കെ.പി. ഉദയഭാനുവും രാജുഎബ്രഹാമും സംസ്ഥാന സമിതിയിൽവരുന്നു. നമുക്കാർക്കും അതിൽ തർക്കമില്ല. പക്ഷേ, ഇന്നുവരെ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോർജ്. അവരെ ഇവിടെ സ്ഥാനാർഥിയാക്കാൻ നമ്മൾ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ്. അങ്ങനെയൊരാൾ രണ്ടുതവണ എം.എൽ.എ.യാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നു. അവർ കഴിവുള്ള സ്ത്രീയാണ്. പക്ഷേ, അവരെപ്പോലെ ഒരാളിനെ പാർലമെന്ററിരംഗത്തെ പ്രവർത്തനം മാത്രം നോക്കി സി.പി.എമ്മിലെ ഉന്നതഘടകത്തിൽ വെയ്ക്കുമ്പോൾ സ്വഭാവികമായും ഒട്ടേറെപേർക്ക് വ്യത്യസ്‌ത അഭിപ്രായമുണ്ട്. അത് തുറന്നുപറയാൻ ഒരാളെങ്കിലും വേണമല്ലോ. അതുകൊണ്ട് ഞാൻ തുറന്നുപറഞ്ഞെന്നേയുള്ളൂ എന്നദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!