‘സഹതടവുകാരിയെ മര്‍ദ്ദിച്ചു’; ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്. ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് പുതിയ കേസ്.

കണ്ണൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയായ ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. ഷെറിന്‍ പിടിച്ചു തള്ളുകയും ഷബ്‌ന അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവര്‍ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയായ ഷെറിന് ശിക്ഷാ ഇളവ് നല്‍കിയ മന്ത്രിസഭാ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. 20 വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച രോഗികളായവര്‍ വരെ ജയിലുകളിലുണ്ടെന്നാണ് ശിക്ഷാ ഇളവിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്.

2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചതിനെത്തുടര്‍ന്നാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!