ന്യൂഡല്‍ഹി: ചൈനയെ പിന്തുണച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പ്രസ്താവന വിവാദത്തില്‍. ചൈന ഇന്ത്യയുടെ ശത്രുവല്ല. അയല്‍രാജ്യമായ ചൈനയെ ശത്രുവായി കാണുന്ന സമീപനം ഇന്ത്യ അവസാനിപ്പിക്കണം. പകരം ചൈനയെ അംഗീകരിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായ സാം പിത്രോദ അഭിപ്രായപ്പെട്ടു.
‘ചൈനയില്‍നിന്നുള്ള ഭീഷണി എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഈ പ്രശ്‌നം തെറ്റിധാരണയാണെന്ന് കരുതുന്നു. തുടക്കം മുതലേ ചൈനയുമായി ഏറ്റുമുട്ടല്‍ മനോഭാവമാണ് നമ്മുടെത്, ആ മനോഭാവമാണ് ശത്രുക്കളെ സൃഷ്ടിക്കുന്നത്. അത് രാജ്യത്ത് ഒരു പ്രത്യേക പിന്തുണ സൃഷ്ടിക്കുന്നുണ്ട്. ചൈന ശത്രുവാണെന്ന് അനുമാനിക്കുന്ന രീതി നമ്മള്‍ മാറ്റേണ്ടതുണ്ടെന്ന് കരുതുന്നു. ഇത് ചൈനയ്ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ബാധകമാണ്…’
‘എറ്റുമുട്ടലിന്റേതല്ല, എല്ലാ രാജ്യങ്ങളും സഹകരിക്കേണ്ട സമയമാണിത്. നമ്മുടെ മനോഭാവം മാറ്റേണ്ട സമയമായി. ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണം. ശത്രുവായി കണ്ടുകൊണ്ട് നീക്കം നടത്തുന്നത് അമേരിക്കയുടെ ശീലമാണ്. നമ്മള്‍ പഠിക്കാനും, ആശയവിനിമയം വര്‍ദ്ധിപ്പിക്കാനും, സഹകരിച്ച് പ്രവര്‍ത്തിക്കാനുമാണ് ശ്രമിക്കേണ്ടത്. ചൈന വളരുകയാണ്.. അത് തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യണം’. സാം പിത്രോദ അഭിപ്രായപ്പെട്ടു.
സാം പിത്രോദയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് ചൈനയോട് ഭയഭക്തിയാണ് ഉള്ളത് എന്നതില്‍ അതിശയിക്കാനില്ല. കോണ്‍ഗ്രസ് നേതാവായ സാം പിത്രോദയുടെ പ്രസ്താവന അതാണ് തെളിയിക്കുന്നത് എന്ന് ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും 2008ല്‍ തയാറാക്കിയ ധാരണാപത്രത്തിന്റെ ചുവടുപിടിച്ചാണ് പിത്രോദയുടെ പ്രസ്താവന. ഇന്ത്യയുടെ 40000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തവരാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. അവര്‍ക്ക് ഇപ്പോഴും ചൈനയില്‍ നിന്നും ഒരു ഭീഷണിയും കാണുന്നില്ല.. തുഹിന്‍ സിന്‍ഹ പറഞ്ഞു.
അതേസമയം സാം പിത്രോദയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് രംഗത്തു വന്നു. ചൈനയുമായി ബന്ധപ്പെട്ട് പിത്രോദയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് വ്യക്തമാക്കി. വിദേശനയം, സുരക്ഷ, സാമ്പത്തികം എന്നിവയില്‍ ചൈന വെല്ലുവിളിയായി തുടരുകയാണ്. 2020 ജൂണ്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചൈനയ്ക്ക് പരസ്യമായി ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും ജയ്‌റാം രമേശ് ആരോപിച്ചു.