നാടു കടത്തിയ മൂന്നാം സംഘവുമെത്തി; യുഎസ് വിമാനത്തില്‍ 112 ഇന്ത്യാക്കാര്‍

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക നാടു കടത്തിയ ഇന്ത്യാക്കാരുടെ മൂന്നാം സംഘവും അമൃത്സറിലെത്തി. 112 പേരാണ് മൂന്നാം സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അമൃത്സര്‍ വിമാനത്താവളത്തില്‍ രാത്രി 10.03 നാണ് കുടിയേറ്റക്കാരായ ഇന്ത്യാക്കാരുമായി യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ലാന്‍ഡ് ചെയ്തത്.

നാട്ടിലെത്തിച്ച സംഘത്തില്‍ 31 പഞ്ചാബികളും, 44 ഹരിയാനക്കാരും, 33 ഗുജറാത്തികളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടുപേരും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇതില്‍ 89 പുരുഷന്മാരും 23 സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു. നാട്ടിലെത്തിച്ചവരെ സ്വീകരിക്കാന്‍ ചിലരുടെ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇമിഗ്രേഷന്‍, വെരിഫിക്കേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവര്‍ക്ക് അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവാദം നല്‍കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുടെ ആദ്യ സംഘത്തെ ഫെബ്രുവരി 5 ന് അമൃത്സറിലെത്തിച്ചിരുന്നു. ശനിയാഴ്ച 116 പേരടങ്ങുന്ന രണ്ടാം സംഘത്തെയും ഇന്ത്യയിലെത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!