ന്യൂഡൽഹി : വലിയൊരു ഇടവേളയ്‌ക്ക് ശേഷം ലാഭം കൊയ്ത് ബിഎസ്‌എൻഎല്‍. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ BSNLന് 262 കോടി രൂപ ലാഭം നേടാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ട്.
17 വർഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ടെലികോം കമ്പനി ലാഭം കൈവരിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്. നവീകരണം, നെറ്റ്‌വർക്ക് വിപുലീകരണം, ചെലവ് കുറയ്‌ക്കല്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനം മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതാണ് നേട്ടത്തിന് സഹായിച്ചതെന്ന് കമ്പനി പ്രതികരിച്ചു. ഏറെ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും ബിഎസ്‌എൻഎല്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി പറഞ്ഞു.
മൂന്നാം പാദമായ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകളാണ് കമ്പനി ലാഭത്തിലാണെന്ന് വ്യക്തമാക്കുന്നത്. രണ്ടാം പാദത്തേക്കാള്‍ 18 ശതമാനം വരുമാന വർദ്ധന മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 262 കോടി ലാഭത്തില്‍ 80 കോടിയും കേരള സർക്കിളില്‍ നിന്നുള്ളതാണെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തിക വർഷവും കേരളാ സർക്കിള്‍ ലാഭത്തിലായിരുന്നു.
2007ലാണ് അവസാനമായി കമ്പനി പൂർണമായും ലാഭം നേടിയത്. പിന്നീടുള്ള വർഷങ്ങളിലെല്ലാം നഷ്ടമായിരുന്നു. കൊവിഡ് കാലത്ത് 2020-21 സാമ്പത്തിക വർഷത്തില്‍ കമ്പനി സ്വീകരിച്ച പരിഷ്കാരങ്ങളും നയങ്ങളുമാണ് നിലവിലെ നേട്ടത്തിലേക്ക് വഴിവച്ചത്. ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചത് വഴിത്തിരിവായി. അതിവേഗ ഇന്റർനെറ്റ് സേവനം നല്‍കുന്ന FTTH കൊണ്ടുവന്നത് ഫൈബർ രംഗത്ത് വൻ മാറ്റങ്ങളുണ്ടാക്കി. കൂടാതെ ഇതര ടെലികോം കമ്പനികള്‍ താരിഫ് ഉയർത്തി നിരക്കുകള്‍ വർദ്ധിപ്പിച്ചപ്പോഴും BSNL നിരക്ക് ഉയർത്തിയില്ല. ഇതുവഴി മറ്റ് ഉപയോക്താക്കള്‍ വൻതോതില്‍ BSNL ലേക്ക് ചേക്കേറിയതും വരുമാനം വർദ്ധിപ്പിക്കാൻ ഇടയാക്കിയിരുന്നു.
17 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു!! ബിഎസ്‌എൻഎല്‍ ലാഭത്തില്‍…
