മൂന്നാറില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ പടയപ്പയുടെ പരാക്രമം

മൂന്നാര്‍ : മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയുടെ പരാക്രമം. മൂന്നാര്‍ മറയൂര്‍ റോഡിലായിരുന്നു കഴിഞ്ഞ രാത്രിയില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ കാട്ടുകൊമ്പന്‍ പടയപ്പ പരാക്രമം നടത്തിയത്.

ഉദുമല്‍പേട്ടയില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന ബസിന്റെ പിറകിലെത്തി പടയപ്പ ബസ് കൊമ്പുകള്‍ കൊണ്ട് തള്ളിനീക്കാന്‍ ശ്രമം നടത്തി. സംഭവസമയത്ത് വാഹനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. വേറെയും വാഹനങ്ങള്‍ നിരത്തിലുണ്ടായിരുന്നു. കൊമ്പുകള്‍ കൊണ്ട് ബസ് തള്ളിനീക്കാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പരാക്രമത്തിന് പടയപ്പ മുതിര്‍ന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടുകൊമ്പന്‍ മദപ്പാടിലാണ്. ബുധനാഴ്ച്ച രാത്രിയില്‍ മൂന്നാര്‍ മറയൂര്‍ റോഡില്‍ വച്ചുണ്ടായ പടയപ്പയുടെ ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരിക്ക് സംഭവിച്ചിരുന്നു. രാത്രികാലങ്ങളില്‍ മൂന്നാര്‍ മറയൂര്‍ റോഡില്‍ പടയപ്പയുടെ സാന്നിധ്യം സ്ഥിരമായിട്ടുണ്ട്.

പടയപ്പയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും മദപ്പാടിന്റെ കാലയളവില്‍ പടയപ്പ വലിയ തോതില്‍ പരാക്രമം നടത്തുന്ന സാഹചര്യമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!